Skip to main content

അന്യസംസ്ഥാന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ കർശന നടപടി - മന്ത്രി കെ. രാജു

*മൃഗസംരക്ഷണ കർഷക സംഗമം ഉദ്ഘാടനം ചെയ്തു
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പാലിന്റെ ഗുണമേൻമ ഉറപ്പു വരുത്തിയശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടാൻ അനുവദിക്കൂ. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു വെറ്ററിനറി ആശുപത്രി എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ വിസ്തൃതി കൂടിയതും കന്നുകാലികൾ കൂടുതലുമുള്ള പഞ്ചായത്തുകളിൽ ഒന്നിലധികം വെറ്ററിനറി ആശുപത്രികൾ സ്ഥാപിക്കും. കാലാവസ്ഥാ വ്യതിയാനം കന്നുകാലികളേയും ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ പ്രജനന നയം കൊണ്ടുവരാനും സർക്കാരിന് പദ്ധതിയുണ്ട്. ദേശീയനയം വ്യക്തമാക്കുന്ന പോലെ നാടൻപശുക്കളെ വളർത്താൻ കർഷകർ തയാറാകണം. കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ പോലും പശു, കോഴി വളർത്തലിനു തയാറാകണം. പാൽ, മുട്ട, ഇറച്ചി എന്നിവയിൽ സംസ്ഥാനം സ്വയംപര്യാപ്തമാകണം. എല്ലാവരും കന്നുകാലികളെ ഇൻഷ്വർ ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർഷകസംഗമത്തിന് ആശംസ നേർന്നു.  ചടങ്ങിൽ വി. എസ്. ശിവകുമാർ എം. എൽ എ. അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ 2018-19 വർഷത്തെ പ്ലാൻ പദ്ധതികളുടെ ഡോക്യുമെന്ററി എം. എൽ. എ മന്ത്രിക്ക് കൈമാറി പ്രകാശനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 
മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. പി. സി. സുനിൽകുമാർ,  ഡെപ്യൂട്ടി ഡയറക്ടർ ഡോ. തിയഡോർ ജോൺ, എൻ. രാജൻ, കല്ലട രമേശ്, പാളയം വാർഡ് കൗൺസിലർ ഐഷ ബേക്കർ, നാഗേഷ് എസ്.എസ്,  എസ്. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിൽ നിന്നുള്ള 700 ഓളം കർഷകരാണ് സംഗമത്തിനെത്തിയത്. കർഷകരും മന്ത്രിയും പരസ്പരം സംവദിക്കുന്ന മുഖാമുഖം പരിപാടി നടന്നു. ക്ഷീരോല്പാദക മേഖല ലാഭകരമാക്കാൻ എന്ന വിഷയത്തിൽ ഡോ ആർ. വേണുഗോപാൽ സെമിനാർ അവതരിപ്പിച്ചു.
പി.എൻ.എക്സ്.1946/19

date