Skip to main content

സജ്ജമായി അഗ്‌നിരക്ഷാസേന: അത്യാധുനിക വാട്ടര്‍ ബൗസറും, ഫോം ടെന്‍ഡറും മലപ്പുറത്തെത്തി

 

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ മൂന്ന് വാഹനങ്ങള്‍ മലപ്പുറം അഗ്‌നിരക്ഷാസേനക്ക് സ്വന്തമായി. വാട്ടര്‍ ബൗസര്‍, ഫോം ടെന്‍ഡര്‍, ക്യു ആര്‍ വി ഫയര്‍ ട്രക്ക് എന്നിവയാണ് മലപ്പുറത്തെത്തിയത്. മൂന്ന് വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു.
വര്‍ധിച്ചു വരുന്ന തീപ്പിടിത്തങ്ങളുടെ ആഘാതം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും വിജയകരവുമാക്കാന്‍ പര്യാപ്തമായ വാഹനങ്ങള്‍ വേണമെന്നതിനാലാണ് പുതിയ വാഹനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  നിലവിലെ വാഹനത്തിനേക്കാള്‍ മൂന്നിരട്ടി വെള്ളം വാട്ടര്‍ ബൗസറില്‍ സംഭരിക്കാം. നിലവില്‍ 3000 മുതല്‍ 4500 ലിറ്റര്‍ വരെയാണ് സംഭരണ ശേഷി. വാട്ടര്‍ ബൗസറില്‍ ഇത് 12000 ആണ്.
വെള്ളം ചീറ്റി തീകെടുത്താന്‍ ബുദ്ധിമുള്ള സമയത്താണ് ഫോം ടെന്‍ഡര്‍ ഉപയോഗിക്കുക. ഇന്ധനം പോലുള്ളവയ്ക്ക് തീ പിടിച്ചാല്‍ ഇവ ആവശ്യമായി വരും. അക്വസ് കെമിക്കല്‍ കലര്‍ന്ന നേര്‍ത്ത പാളിയുള്ള പതയാണ് ഫോം ടെന്‍ഡര്‍ എന്‍ജിന്‍ പുറത്തേക്ക് ചീറ്റുക. ആവശ്യമെങ്കില്‍ വെള്ളം മാത്രം ചീറ്റാനുള്ള സംവിധാനവും ഇതിനുണ്ട്. രണ്ട് വാഹനങ്ങളും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പ്രധാന പ്രത്യേകത. അപകടമുണ്ടായാല്‍ പെട്ടെന്ന് എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സഹായകമാവുന്നതാണ് ക്യു ആര്‍വി ട്രക്ക്.

നഗരസഭ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല, കൗണ്‍സിലര്‍ ഒ. സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.  ഫ്ളാഗ് ഓഫിനുശേഷം ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് ഇവയുടെ ഉപയോഗം വിശദീകരിച്ച് പ്രദര്‍ശനവും നടത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി പ്രദീപ് നേതൃത്വം നല്‍കി.

 

date