Skip to main content

ഭക്ഷ്യകമ്മീഷൻ ചെയർമാനും അംഗങ്ങളും ചുമതലയേറ്റു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.വി. മോഹൻകുമാറിനും മറ്റ് അംഗങ്ങൾക്കും ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ഭക്ഷ്യകമ്മീഷൻ നടപ്പിലാക്കാൻ വൈകിയെങ്കിലും പൊതുവിതരണ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാൻ കമ്മീഷനിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷമായി ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാമതെത്താൻ കേരളത്തിനായിട്ടുണ്ട്. ഭക്ഷ്യകമ്മീഷൻ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. വി. രമേശൻ, എം. വിജയലക്ഷ്മി, അഡ്വ. ബി. രാജേന്ദ്രൻ, കെ. ദിലീപ്കുമാർ, പി. വസന്തം എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമമാണ് എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യ കമ്മീഷനെ നിയോഗിക്കണമെന്ന് അനുശാസിക്കുന്നത്. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സിവിൽ സപ്ലൈസ് കമ്മീഷണർ സി. എ. ലത, ഡയറക്ടർ നരസിംഹുഗാരി ടി. എൻ. റെഡ്ഡി തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.1988/19

date