Skip to main content

സി. കേശവൻ വർത്തമാനകാല വെല്ലുവിളികളെ നേരിടാനുള്ള ഊർജസ്രോതസ്സ്- മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

* സി. കേശവന്റെ 50 ാം ചരമവാർഷികം ആചരിച്ചു
വർത്തമാനകാല വെല്ലുവിളികളെ നേരിടാനുള്ള ഊർജസ്രോതസ്സാണ് സി.കേശവനെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു. തിരുക്കൊച്ചി മുൻ മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന സി. കേശവന്റെ 50 ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. 
രാഷ്ട്രീയ നേതൃത്വം എങ്ങനെ ഇച്ഛാശക്തിയോടെ അവശരോടൊപ്പം നിൽക്കണമെന്ന് സി. കേശവൻ പ്രവൃത്തിയിലൂടെ കാട്ടിത്തന്നു. ജനങ്ങളിൽ ശക്തമായ പ്രതീക്ഷ നൽകി, ശക്തമായ നേതൃത്വമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സവർണമേധാവിത്വം പിടിമുറുക്കുമ്പോൾ അതിനെതിരെ ശക്തമായി ഒന്നിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ കോഴഞ്ചേരി പ്രസംഗം. തിരുവിതാംകൂർ ഭരണത്തിൽ സവർണർക്ക് എത്രമാത്രം സ്വാധീനമുണ്ടായിരുന്നു എന്നതിന്റെ നേർസാക്ഷ്യമായ ആ പ്രസംഗം അദ്ദേഹത്തിന്റെ രോഷപ്രകടനവും അവശരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവുമായിരുന്നു. കോഴഞ്ചേരി പ്രസംഗത്തിന്റെ അന്തഃസത്ത ഇന്നും മനസിൽ തട്ടുന്നവിധം തീക്ഷ്ണമാണ്. ദേശീയത ചിലരുടെ കുത്തകയായി ദുരുപയോഗം ചെയ്യുന്ന ഈ കാലത്ത് ഒരുപാട് വർത്തമാനകാല യാഥാർഥ്യങ്ങളുമായി വിളക്കിച്ചേർക്കാൻ കഴിയുന്ന പ്രസംഗമായിരുന്നു സി. കേശവൻ 1935ൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു. 
സി.കേശവന്റെ ധീരോദാത്തമായ പ്രവർത്തനങ്ങൾ തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടേയും ചരിത്രത്തിന്റെ ഭാഗമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. 
ഒരു ജനാധിപത്യസമൂഹം സൃഷ്ടിക്കുന്നതിൽ സി.കേശവൻ നൽകിയ സംഭാവനകൾ വിപ്ലവകരമായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവിയുമായ ഡോ.കെ.എൻ. ഗണേഷ് പറഞ്ഞു. സംവാദാത്മകവും സത്യസന്ധവുമായ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടത്. സി.കേശവൻ ഒരു മതവാദിയായിരുന്നില്ല. ദേശീയതലത്തിൽ അയിത്തോച്ചാടനത്തിനായുള്ള സമരങ്ങളും ഇവിടെ നാടുവാഴിത്തത്തിനെതിരായുള്ള പ്രക്ഷോഭങ്ങളും യോജിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ ഈ യോജിപ്പിന്റെ പ്രതിനിധിയായാണ് സി.കേശവൻ കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. എൻ. ഗോപകുമാരൻ നായർ, സി.കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീ. ഡയറക്ടർ കെ. സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി. ജോസ് സ്വാഗതവും അഡീ. ഡയറക്ടർ പി.എസ്. രാജശേഖരൻ നന്ദിയും പറഞ്ഞു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി. കേശവൻ ഫൗണ്ടേഷൻ, യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര വിഭാഗം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെയാണ് അനുസ്മരണം സംഘടിപ്പിച്ചത്. 
സി. കേശവനുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോകളുടെ പ്രദർശനം, സ്വരാഞ്ജലി അവതരിപ്പിച്ച കാവ്യാഞ്ജലി എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. അനുസ്മരണ ചടങ്ങുകളെത്തുടർന്ന് കെ.പി.എ.സി അവതരിപ്പിച്ച 'മുടിയനായ പുത്രൻ' നാടകം അരങ്ങേറി.
പി.എൻ.എക്സ്.2213/19

date