Skip to main content

പ്രളയം: കാർഷിക മേഖലയെ സജീവമാക്കി വടക്കേക്കര കൃഷിഭവൻ

പ്രളയം: കാർഷിക മേഖലയെ സജീവമാക്കി വടക്കേക്കര കൃഷിഭവൻ

 

കൊച്ചി: 2018ലെ പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച പഞ്ചായത്തുകളിൽ ഒന്നാണ് വടക്കേക്കര. കർഷകരും സംരംഭകരും ചെറുകിട വ്യവസായങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ് വടക്കേക്കരയിലെ ഭൂരിഭാഗം ജനങ്ങൾ. കുരുമുളക്, ജാതി, കവുങ്ങ് തുടങ്ങിയവയാണ് ഇവിടെ സാധാരണയായി കൃഷി ചെയ്യുന്നത്. പ്രളയത്തിൽ കുരുമുളക് കൃഷി പൂർണമായും നശിക്കുകയും പ്രളയത്തിന് ശേഷം ജാതി മരങ്ങൾ ഉണങ്ങിപ്പോവുകയും ചെയ്തു. ഈ കാർഷിക ഗ്രാമത്തെ പൂർണമായും കൈവിടാതെ പിടിച്ചു നിർത്താൻ നടത്തിയ പ്രവർത്തനങ്ങളിൽ വടക്കേക്കര കൃഷിഭവൻ വഹിച്ച പങ്ക് വളരെ വലുതാണ്. കൃഷിഭവന് കീഴിലുള്ള 421 കർഷകർക്ക് പ്രളയാനന്തര ധനസഹായമായി ഇതുവരെ നൽകിയത് 5,89,297 രൂപയാണ്.

 

പ്രളയാനന്തരം കാർഷിക മേഖലയിൽ അനുവർത്തിക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് ജനങ്ങളിൽ എത്തിക്കുകയാണ് ആദ്യം ഇവർ ചെയ്തത്. കൃഷിഭൂമിയിൽ അടിഞ്ഞുകൂടി കട്ട പിടിച്ചു കിടക്കുന്ന ചെളി എങ്ങനെ നീക്കം ചെയ്യണം, ഇത്തരം കൃഷിയിടങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ചെയ്യേണ്ട പ്രവർത്തനങ്ങൾ, നടത്തേണ്ട മണ്ണ് പരിശോധനകൾ തുടങ്ങി എല്ലാ വിവരങ്ങളും കർഷകരിൽ എത്തിച്ചു. തുടർച്ചയായ മഴ മൂലം വിളകളിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ, അവ നശിപ്പിക്കുന്നതിനും പടരുന്നത് തടയുന്നതിനുമുള്ള മാർഗങ്ങൾ, സംരക്ഷണ ഉപാധികൾ തുടങ്ങിയ വിവരങ്ങളും നൽകി. നെല്ല്, കുരുമുളക്, കവുങ്ങ്, ജാതി, വാഴ തുടങ്ങിയ കൃഷികൾക്ക് പ്രളയാനന്തരം ചെയ്യേണ്ട സംരക്ഷണ പ്രവർത്തനങ്ങളും അറിയിച്ചു.

 

പ്രളയാനന്തര കാർഷിക മേഖലയെ തിരികെ കൊണ്ടുവരുന്നതിനായി കൃഷി വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സമഗ്രമായ പദ്ധതികളാണ് നടപ്പാക്കിയത്. കൃഷിഭവൻ, വൈറ്റില സോയിൽ ടെസ്റ്റിംഗ് ലാബ് എന്നിവയുടെ സഹകരണത്തോടെ വിവിധ വാർഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് മണ്ണ് പരിശോധന നടത്തി. കൃഷി ഭവനിൽ പ്രവർത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. സഹകരണ ബാങ്കുകളുടെ സഹായത്തോടെ കർഷകർക്ക് വിത്ത്, വളം എന്നിവ നൽകുന്ന പദ്ധതിയായ പുനർജനി നടപ്പാക്കി. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് കണ്ടെത്തുകയും കുമ്മായം, മഗ്നീഷ്യം സൾഫേറ്റ് എന്നിവ കൂടാതെ വിത്ത്, വളം, പച്ചക്കറി തൈകൾ എന്നിവയും വിതരണം ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ കൃഷിയോഗ്യമാക്കി മാറ്റി.

 

പ്രളയത്തിനുശേഷം കൃഷി വീണ്ടെടുക്കാനുള്ള പുനരുജ്ജീവന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കി വരികയാണ്. ജനകീയാസൂത്രണ പദ്ധതിയിലൂടെ ജാതി, കുരുമുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു

date