Skip to main content
—-മിഴി — സമഗ്ര നേത്ര സംരക്ഷണ പരിപാടി  സ്ക്കൂൾ കുട്ടികൾക്കുള്ള ജില്ലാതല കണ്ണട വിതരണ ഉദ്ഘാടനം കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി  പദ്ധതി   സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു 

കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മിഴി സമഗ്ര നേത്ര സംരക്ഷണ പരിപാടിയിലൂടെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കാഴ്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തത്.
കാഴ്ചാ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ എല്ലാ വിധത്തിലുമുള്ള സുസ്ഥിരതയും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി തുടങ്ങിയവ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും പരിസര ശുചീകരണം, കൊതുകു നശീകരണം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി അനുസരിക്കേണ്ടതുണ്ട്. സംശയകരമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ പരിശോധനയ്ക്ക് വിധേയമാകണം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഇതിനായി സമീപിക്കാം. ആശുപത്രി ഏതായാലും ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. കൃത്യമായ ജാഗ്രതയിലൂടെ നിപയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരണത്തിന്റെ പാതയിലാണ്. 170 പി എച്ച്സികള്‍  ഇത്തരത്തില്‍ നവീകരിച്ചു. ജില്ലയില്‍ 16 എണ്ണം ഇതില്‍ ഉള്‍പെടും. 200 പി എച്ച്സികള്‍ കൂടി ഇത്തരത്തില്‍ നവീകരിക്കും.  ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1300 ഓളം കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ബിഹാറില്‍ ഇന്‍സുലിന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ സംശയങ്ങള്‍  ഉയരുന്നുണ്ടെന്നും കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ആളുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്ധത നിരക്ക് കുറക്കുക, നേത്രാരോഗ്യം സംരക്ഷിക്കുക, ദൃഷ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ദേശീയ അന്ധത നിയന്ത്രണ പരിപാടി നടപ്പാക്കുന്നത്.  മുഴുവന്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് മിഴി എന്ന പേരില്‍ സമഗ്ര നേത്ര സംരക്ഷണ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം വഴി അധിക ഒപ്‌റ്റോമെട്രിസ്റ്റുമാരെ നിയമിക്കുകയും സ്‌കൂളുകളിലേക്ക് വിഷന്‍ ചാര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് കണ്ണടകള്‍ക്കും  ആവശ്യമായിട്ടുള്ളവരെ വിദഗ്ധ ചികിത്സയ്ക്കും നിര്‍ദ്ദേശിച്ചു. 6806 കുട്ടികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം കണ്ണടകള്‍ നല്‍കുന്നത്. ഡിസ്ട്രിക്ട് ബ്ലൈന്‍ഡ്‌നെസ്സ് കണ്‍ട്രോള്‍ സൊസൈറ്റി, എന്‍പിസിബി, ആരോഗ്യവകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവന്‍ അങ്കണവാടികളിലേക്കും അടുത്ത ഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കും. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ഡിഎംഒ ഡോ. കെ നാരായണ നായ്ക്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ ടി രേഖ, ഡോ. എം കെ ഷാജ്, ഡോ. ഇ മോഹനന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി,  ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായ ഒപ്‌റ്റോമെട്രിസ്റ്റുമാര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.

date