Skip to main content

ആയുര്‍വേദം ജീവിതചര്യ: മന്ത്രി കെ കെ ശൈലജ   ഓരോ വിദ്യാലയത്തിലും ഔഷധ ഉദ്യാനം പദ്ധതി ഉദ്ഘാടനം  

ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായ ഇന്നത്തെ കാലഘട്ടത്തില്‍ ആയുര്‍വേദത്തിന് വളരെയധികം പ്രധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്തി കെ കെ ശൈലജ പറഞ്ഞു. കൂത്തുപറമ്പ് ഗവ. എച്ച്എസ്എസ്  സ്‌കൂളില്‍ ഓരോ വിദ്യാലയത്തിലും ഔഷധ ഉദ്യാനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശരീരവും മനസ്സും വൃത്തിയായി സൂക്ഷിക്കണമെന്നും നാടിനും വീടിനും നല്ലത് ചെയ്ത് പൗരബോധമുള്ളവരായി വളരണമെന്നും മന്ത്രി കുട്ടികളോടായി പറഞ്ഞു. 
ജില്ലയില്‍ ഔഷധ ഉദ്യാനം പദ്ധതി ആരംഭിക്കുന്ന രണ്ടാമത്തെ സ്‌ക്കൂളാണിത്. ഒരു ജില്ലയിലെ അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിപ്പലി, ചിറ്റരത്ത, നീര്‍മരുത, അടപതിയന്‍ കിഴങ്ങ്, പതിമുഖം തുടങ്ങി 30 ഓളം ഔഷധങ്ങളാണ് സ്‌കൂളില്‍ നടുന്നത്. പുതു തലമുറയെ ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ കുറിച്ച്  ബോധവാന്‍മാരാക്കുന്നതിനോടൊപ്പം കൃഷി രീതിയും പരിപാലനവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. നാഗാര്‍ജുന ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തത്. എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സസ്യങ്ങള്‍ പരിചരിക്കും പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഔഷധസസ്യങ്ങളെ പരിചയപ്പെടുക എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും  പരിസ്ഥിതി ക്വിസും സംഘടിപ്പിച്ചു.  
കൂത്തുപറമ്പ നഗരസഭ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി പ്രമോദ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി പി മുഹമ്മദ് റാഫി, പ്രിന്‍സിപ്പാള്‍ പ്രമീള കുമാരി, ഹെഡ്മാസ്റ്റര്‍ വി വി ബാബു, പി ടി എ പ്രസിഡന്റ് എ കെ വിനോദ്, മദര്‍ പി ടി എ പ്രസിഡന്റ്  രാജശ്രീ, അഗ്രികള്‍ച്ചര്‍ നാഗാര്‍ജുന ആയുര്‍വേദ മാനേജര്‍ ബേബി ജോസഫ്, റീജിയണല്‍ സെയില്‍സ് മാനേജര്‍ കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date