Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി 'ക്ഷീരസാന്ത്വനം' പദ്ധതിയ്ക്ക് തുടക്കം

കാക്കനാട്: ക്ഷീരകര്‍ഷകര്‍ക്കും കറവമാടുകള്‍ക്കും സമ്പൂര്‍ണ്ണ സുരക്ഷയൊരുക്കുന്ന 'ക്ഷീരസാന്ത്വനം' പദ്ധതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു.  ക്ഷീരകര്‍ഷകരുടെയും കറവമാടുകളുടെയും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിച്ചു.    വളരെ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ സുരക്ഷയില്‍ പരമാവധി ഒരു ലക്ഷം രൂപ വരെയും അപകട സുരക്ഷയില്‍ പരമാവധി അഞ്ചുലക്ഷം രൂപവരെയും ഗോ സുരക്ഷ പോളിസിയില്‍ പരമാവധി അമ്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെയും പദ്ധതിപ്രകാരം  ക്ലെയിം ലഭിക്കും.  80 വയസ്സുവരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് പങ്കെടുക്കാം.   ക്ഷീരമേഖലയിലെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഇന്‍ഷൂറന്‍സ് പദ്ധതി ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍, പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.    

കറവമാടുകള്‍ നഷ്ടപ്പെട്ടാല്‍ മറ്റു ജീവനോപാധികളൊന്നുമില്ലാതെ ക്ഷീരകര്‍ഷകര്‍ തൊഴില്‍രഹിതരാകുമെന്നതിന് പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു.     ഇത്തരം സാഹചര്യം മറികടക്കുന്നതിന് കുറഞ്ഞ ചെലവില്‍ ബദല്‍ സംവിധാനമൊരുക്കാനാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്.  ക്ഷീരമേഖലയെ പ്രളയനാശനഷ്ടങ്ങളില്‍നിന്നു കരകയറ്റുന്നതിന് വിവിധ പദ്ധതികളിലായി 22 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.  പ്രളയത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ദ്ധനവും ക്ഷീരോല്‍പ്പാദനത്തിലുണ്ടായി.  പ്രളയത്തെ അതിജീവിച്ച് ക്ഷീരകാര്‍ഷികമേഖല പാലിന്റെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.   ഇന്‍ഷൂര്‍ ചെയ്ത രണ്ടു പശുക്കളുള്ളവരും ക്ഷീരസംഘത്തില്‍ 10 ലിറ്റര്‍ പാലളക്കുന്നവരുമായ ക്ഷീരകര്‍ഷകരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ സാധിച്ചതും നേട്ടമാണ്.  പ്രതിവര്‍ഷം പരമാവധി 100 ദിവസം തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ ആനുകൂല്യം നിലവില്‍ നഗരസഭ പരിധിയിലുള്ള കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്.  പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ഇന്‍ഷൂന്‍സ് അംഗത്വകാര്‍ഡുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍- ഇന്‍- ചാര്‍ജ്ജ് എസ്.ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു.  ആരോഗ്യ സുരക്ഷ ധനസഹായവിതരണം, അപകട സുരക്ഷ പദ്ധതി ധനസഹായവിതരണം, ലൈഫ് ഇന്‍ഷൂറന്‍സ് ധനസഹായവിതരണം, ഗോസുരക്ഷ ധനസഹായവിതരണം തുടങ്ങിയവയും നടത്തി.  പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത ജില്ലകള്‍ക്കും സംഘങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകള്‍ക്കും ഏറ്റവും കൂടുതല്‍ ഉരുക്കളെ ഇന്‍ഷൂര്‍ ചെയ്ത ജില്ലകള്‍ക്കും പുരസ്‌കാരവും നല്‍കി.  

പി.ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കേരള ക്ഷീരകര്‍ക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീല ചാരു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്,  യൂസഫ് കോറോത്ത്, കല്ലട രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.  പദ്ധതി സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.സുരേഷ് കുമാര്‍ സെമിനാര്‍ അവതരിപ്പിച്ചു.  ജോയന്റ് ഡയറക്ടര്‍ എ.ഗീത മോഡറേറ്ററായിരുന്നു.

date