Skip to main content

റീബില്‍ഡ് - പ്രളയദുരിതത്തില്‍നിന്ന് കര്‍ഷകരെ കരകയറ്റാന്‍ മൃഗസംരക്ഷണവകുപ്പ് വിതരണം ചെയ്തത് 7.55 കോടി രൂപ

കാക്കനാട്: ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങു നല്‍കുന്നതിന് വിവിധ പ്രവര്‍ത്തന പദ്ധതികളിലുള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് 7,55,94,719 രൂപ വിതരണം ചെയ്തു. 8398 കര്‍ഷകരിലേക്ക് ധനസഹായമെത്തിച്ചു.  പ്രളയബാധിതപ്രദേശങ്ങളില്‍ ആരോഗ്യസുരക്ഷ ക്യാമ്പുകളുടെ സംഘാടനം, ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കാലിത്തീറ്റ വിതരണം, കര്‍ഷകര്‍ക്ക് ധനസഹായവിതരണം, വളര്‍ത്തുമൃഗങ്ങളെ നല്‍കല്‍ തുടങ്ങിയവയാണ് നടത്തിയത്.   പ്രളയം കൂടുതലായി ബാധിച്ച 44 ഗ്രാമപഞ്ചായത്തുകളില്‍ മൃഗരക്ഷാ ക്യാമ്പുകള്‍ നടത്തി.  വിവിധ സ്‌കൂളുകളില്‍നിന്നും മാനദണ്ഡപ്രകാരം തെരഞ്ഞെടുത്ത  3,350 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു മാസം പ്രായമുള്ള അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങള്‍, 91 കര്‍ഷകര്‍ക്ക് ആറ് ആടുകള്‍ വീതം, 300 കര്‍ഷകര്‍ക്ക് 10 വീതം താറാവു കുഞ്ഞുങ്ങള്‍,  10 വീതം പന്നിക്കുഞ്ഞുങ്ങള്‍, നഗരപ്രദേശങ്ങളിലെ അഞ്ചു വീതം കര്‍ഷകര്‍ക്ക് കൂടു സഹിതം അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു.  മോഡല്‍ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ആറു മാസംവരെ പ്രായമുള്ള ആറ് പെണ്ണാട്ടിന്‍കുട്ടികളെ വാങ്ങാന്‍ 25,000രൂപ വീതം ധനസഹായം 16 കര്‍ഷകര്‍ക്കും ഒരു ദിവസം പ്രായമായ 70 ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങാന്‍  സബ്‌സിഡിയോടുകൂടി 2,800 രൂപ വീതം  32 കുടുംബശ്രീ അംഗങ്ങള്‍ക്കും വിതരണം ചെയ്തു. 11 കര്‍ഷകര്‍ക്ക് 21 വീതം മലബാറി  ആടുകളെ നല്‍കുകയും വാണിജ്യാടിസ്ഥാനത്തില്‍ ആടു വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കാന്‍ 11 ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്തു.  

 

സ്‌കൂളുകളില്‍ മൃഗക്ഷേമ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് 1.55 ലക്ഷം രൂപ വിനിയോഗിച്ചു.  പത്ത് കര്‍ഷകര്‍ക്ക് കറവയന്ത്രം സ്ഥാപിക്കാന്‍ 25,000 രൂപ വീതം ധനസഹായം നല്‍കി.  പ്രളയബാധിത ബ്ലോക്ക് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വിജ്ഞാനക്ലാസ്സുകള്‍ നല്‍കി.  ബ്ലോക്കുതല സെമിനാറും ജില്ലാതല സെമിനാറും സംഘടിപ്പിച്ചു.   കന്നുകാലികളിലെ വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട് 17 ഗ്രാമപഞ്ചായത്തുകളില്‍ പരിശോധനകള്‍ സംഘടിപ്പിച്ചു.  92 കര്‍ഷകര്‍ക്ക് ചാണകസംഭരണികള്‍ സ്ഥാപിച്ചുനല്‍കി.  2500ലധികം കര്‍ഷകരുടെ 3,346ലധികം കന്നുകാലികള്‍ക്ക് 50,000 രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉടമസ്ഥര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും ഏര്‍പ്പെടുത്തി.  മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത വായ്പകളിലെ പലിശയിനത്തില്‍ ഒടുക്കിയ തുകയ്ക്കനുസൃതമായി 40 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 230 കര്‍ഷകര്‍ക്ക് പരമാവധി 5,000 രൂപ നിരക്കില്‍ ധനസഹായവിതരണം നടത്തി.

 

പ്രളയത്തില്‍ മൃഗസംരക്ഷണമേഖലയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായത്.  1563 പശുക്കള്‍, 436 എരുമകള്‍, 478 പശുക്കിടാവുകള്‍, 335 കന്നുകുട്ടികള്‍, 2097 ആടുകള്‍, 2,40,127 വളര്‍ത്തുപക്ഷികള്‍, 870 കാലിത്തൊഴുത്തുകള്‍ എന്നിവ നശിച്ചു.  2411 വലിയ മൃഗങ്ങളുടെയും 2058 ചെറിയമൃഗങ്ങളുടെയും 1,43,636 പക്ഷിമൃഗാദികളുടെയും മൃതശരീരം മറവുചെയ്തു.  അഴുകിയ മൃഗങ്ങളെ യഥാസമയം മറവുചെയ്തതിനാല്‍ അതേത്തുടര്‍ന്നുള്ള രോഗവ്യാപനം തടയുന്നതിലും വിജയിക്കാനായി.

date