Skip to main content

ആവാസ് പദ്ധതി ജില്ലയിൽ ലക്ഷം പേരിലേക്ക് എത്തിക്കാൻ തൊഴിൽ വകുപ്പ് കാക്കനാട്: അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലയിലെ 2019- 20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളി

ആവാസ് പദ്ധതി ജില്ലയിൽ ലക്ഷം പേരിലേക്ക് എത്തിക്കാൻ തൊഴിൽ വകുപ്പ് കാക്കനാട്: അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലയിലെ 2019- 20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അതിഥി സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസിന്റെയും ആവാസ്  ആരോഗ്യ സുരക്ഷാ കാർഡിന്റെ വിതരണവും ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.    അതിഥി സംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷിത സാഹചര്യം ഒരുക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ ആവാസ് പദ്ധതിയിൽ ഓരോരുത്തരും ഭാഗമാകണമെന്നും മറ്റുള്ളവരെകൂടി അതിൽ ഭാഗമാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ ഇതുവരെ 80000 തൊഴിലാളികൾ ആവാസ് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ തൊഴിലാളികളെ ആവാസ് പദ്ധതിയുടെ ഭാഗമാക്കുന്നതിനായുള്ള ആവാസ് രെജിസ്ട്രേഷൻ വാഹനം എറണാകുളം റീജിയണൽ ജോയിൻറ് ലേബർ കമ്മീഷ്ണർ കെ. ശ്രീലാൽ ഫ്ലാഗ് ഓഫ് ചെയ്തു.    അതിഥി സംസ്ഥാന തൊഴിലാളികളുടെ വിവിധ തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലുമെത്തി ആവാസ് കാർഡ് വിതരണം ചെയ്യുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ ഭാഗമായ തൊഴിലാളിക്ക് എല്ലാ സർക്കാർ ആശുപത്രികളിലും 15000 രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. അപകടത്തിൽ മരണമടയുന്ന തൊഴിലാളിയുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മുഴുവൻ ചെലവും തൊഴിൽ വകുപ്പ് വഹിക്കും.    ജില്ലാ ലേബർ ഓഫീസർ വി.ബി ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭ കൗൺസിലർ രഞ്ജിനി ഉണ്ണി, അസി. ലേബർ ഓഫീസർ ജി. ഗോപകുമാർ, എം. ബി പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.

date