Skip to main content

വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതിക്കായി ബി പോസിറ്റീവ് വിദ്യാഭ്യാസ മേഖലയില്‍ 38.179 കോടി രൂപയുടെ പദ്ധതികള്‍

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും 100 ശതമാനം വിജയം കൈവരിക്കുന്നതിനുമായി മികവുത്സവം 2019 ശില്‍പശാല ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിയാക്കി ഓരോ വിദ്യാര്‍ഥിയെയും മാറ്റാന്‍ കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. ദീര്‍ഘ വീക്ഷണത്തോടെ സ്വപ്‌നം കാണാന്‍ അവരെ പ്രാപ്തരാക്കണമെന്നും സമൂഹത്തില്‍ വികസനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാക്കി വിദ്യാര്‍ഥികളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ മികവുകള്‍ ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2019-20 വര്‍ഷം ജില്ലയില്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ അക്കാദമിക മികവ്, ആരോഗ്യ കായിക ക്ഷമത, മാനസികാരോഗ്യം, നൈപുണ്യ വികാസം എന്നിവ ലക്ഷ്യംവച്ചുള്ളതാണ് പദ്ധതികള്‍. ഇതിന്റെ ഭാഗമായി പത്താം ക്ലാസിലെത്തുമ്പോള്‍ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി  എട്ട്, ഒന്‍പത് ക്ലാസ് മുതല്‍ ഇംഗ്ലീഷ്, ഗണിതശാസ്ത്രം വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ശേഷി വികസിപ്പിക്കുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായി അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കും.
കുട്ടികളുടെ മാനസികവും കായിക പരവുമായ വികസനം ഉറപ്പുവരുത്തുന്നതിന് എട്ട്, ഒന്‍പത് ക്ലാസുകളില്‍ ആരോഗ്യ കായിക വിദ്യാഭ്യാസവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗും നല്‍കും. കൂടാതെ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി അവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. കുട്ടികളുടെ പഠന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. 
വിദ്യാര്‍ഥികളെ വിജയിപ്പിക്കുക എന്നതിലുപരി എല്ലാ വിദ്യാര്‍ഥികളും കുറഞ്ഞത് ബി പ്ലസ് ഗ്രേഡ് കരസ്ഥമാക്കണം എന്നതാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. എല്ലാ കാര്യത്തിലും ബി പോസിറ്റീവ് എന്ന ചിന്താഗതി ഉണ്ടാവേണ്ടതുണ്ടെന്നും യോഗം നിര്‍ദേശിച്ചു. ഈ വര്‍ഷം 20 ശതമാനം കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം കരസ്ഥമാക്കാന്‍ കഴിയണം. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകളിലും ഈ മാസം 20നകം സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരണമെന്നും ആഗസ്റ്റ് 30നകം വിദ്യാഭ്യാസ ശില്‍പശാല സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ശില്‍പശാലയുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ അഞ്ചിനകം ഡിഡി, ആര്‍ഡിഡി എന്നിവര്‍ക്ക് സമര്‍പ്പിക്കണം.  ഒക്ടോബര്‍ ആദ്യം കൗണ്‍സലിംഗ് ചേരും. ഈ മാസം സ്‌കൂളുകളില്‍ എല്ലാ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് പിടിഎ യോഗം ചേരണമെന്നും യോഗം നിര്‍ദേശിച്ചു. 
ഈ മാസം അവസാനത്തോടെ ജില്ലാതലത്തില്‍ പിടിഎ, മദര്‍ പിടിഎ പ്രസിണ്ടന്റുമാരുടെ യോഗം ചേരും. കെമിസ്ട്രി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന  വിജയ ശതമാനം ജില്ലയ്ക്കുണ്ടെന്നും 100 ശതമാനം നേടുന്ന  വിദ്യാലയങ്ങളുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയായെന്നും യോഗം വിലയിരുത്തി. ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഒന്നാംഭാഷ, ഐ ടി എന്നിവയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചു.  
വിദ്യാഭ്യാസ മേഖലക്കായി ഈ വര്‍ഷം 38.179 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ആകെ വകയിരുത്തിയിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 35.8 കോടി രൂപയും ഫര്‍ണീച്ചര്‍ വിതരണത്തിനായി 1.239 കോടി രൂപയും പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 23 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.  ലൈബ്രറി ശാക്തീകരണത്തിനായി 20 ലക്ഷം രൂപയും തിരികെ തിരുമുറ്റത്തേക്ക് പദ്ധതിയിലേക്കായി രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത സ്‌കൂളുകളിലെ ജൈവവൈവിധ്യ പാര്‍ക്കുകളുടെ പരിപാലനത്തിന് 4.08 ലക്ഷം രൂപയും തെരഞ്ഞെടുത്ത സ്‌കൂളുകളിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് അഞ്ച് ലക്ഷം രൂപയുമാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 
പിന്നോക്കക്കാരായ കുട്ടികള്‍ക്കും പ്രതിഭകളായ കുട്ടികള്‍ക്കുമുള്ള ഒന്നാം ഘട്ട സഹവാസ ക്യാമ്പുകള്‍ക്കായി 31.56 ലക്ഷം രൂപയും സ്‌കൂളുകളില്‍ നടക്കുന്ന പകല്‍ സഹവാസ ക്യാമ്പുകള്‍ക്കായി 7.2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  ഡയറ്റ്, എസ്എസ്‌കെ, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 
എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ഡിഡിഇ ടി പി നിര്‍മ്മല ദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലയാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ എസ് കെ ജയദേവന്‍, കെ പി രാജേഷ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഇസ്മയില്‍ കെ ബഷീര്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഡോ. പ്രജിന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
പി എന്‍ സി/2424/2019

 

date