Skip to main content

ജനകീയം ഈ അതിജീവനം' 20ന്  ആലുവ യു.സി. കോളേജിൽ

കാക്കനാട്:  പ്രളയത്തിന്റെയും രക്ഷയുടെയും നാൾവഴികളുടെ ഓർമപ്പെടുത്തലായി  'ജനകീയം ഈ അതിജീവനം' ശനിയാഴ്ച ആലുവയിൽ.    നൂറ്റാണ്ടിൽ കേരളം ദർശിച്ച ഏറ്റവും വലിയ പ്രളയത്തിൽ നിന്നും ജില്ല കരകയറിയതിന്റെ നേർ ചിത്രം അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം.  ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സംഗമം ഉദ്ഘാടനം ചെയ്യും.    പ്രളയം നേരിട്ടു ബാധിച്ചവർ, രക്ഷാപ്രവർത്തകർ, ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ, പുനരധിവാസത്തിന് നേതൃത്വം നൽകിയവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ ശനിയാഴ്ച യു.സി. കോളേജ് ഓഡിറ്റോറിയത്തിൽ സംഗമിക്കും.   

'ജനകീയം ഈ അതിജീവനം' സംഗമത്തിനു മുന്നോടിയായി കളക്ടറേറ്റിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  

 പുനഃനിർമാണ പ്രവർത്തനങ്ങളുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുന്നതിന് ദിശാസൂചകമാകും ഈ സംഗമമെന്ന് മന്ത്രി പറഞ്ഞു.  പ്രളയ പുനഃനിർമാണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്കു കൊണ്ടു പോകുന്നതിനു മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നത്.   ഇത് റീബിൽഡ് കേരള പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനമല്ല; മറിച്ച്   ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും  വിലയിരുത്തലുമാണ്.  100 ശതമാനം പുനഃനിർമാണം സാധ്യമാക്കാനുള്ള  പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.  എല്ലാവരും ചേർന്നു കൊണ്ടുള്ള പ്രവർത്തനമാണാവശ്യം.  ഇക്കാര്യത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളത്.  ഈ മേഖലയിൽ ആനുകൂല്യം കിട്ടിയവരുടെയും കിട്ടാനിരിക്കുന്നവരുടെയും യോഗം മാത്രമല്ല ഇതെന്നും പുനഃനിർമാണ ചർച്ചകൾ ഉരുത്തിരിയാനുള്ള വേദിയാക്കി സംഗമത്തെ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  തുടർന്നുള്ള പ്രവർത്തനങ്ങളിൽ ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ ജനകീയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.  

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടക്കുന്ന സംഗമങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചാകും സംസ്ഥാന സർക്കാർ നവകേരള നിർമാണത്തിനുള്ള പദ്ധതികൾ രൂപകൽപന ചെയ്യുക. പ്രളയത്തിന്റെയും പുനഃനിർമാണ പ്രവർത്തനങ്ങളുടെയും നാൾവഴികളിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കാൻ സംഗമം വേദിയാകും.     

പ്രളയദിനങ്ങളിൽ ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന ആലുവ യു.സി. കോളേജ് തന്നെ ഒരു വർഷത്തിനിപ്പുറം ഈ സംഗമത്തിന് വേദിയാകുന്നതും പ്രത്യേകതയാണ്.  

മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.  എംപിമാരും എംഎൽഎമാരും വൈസ് ചെയർമാൻമാരും തദ്ദേശ സ്ഥാപന പ്രസിഡന്റുമാർ അംഗങ്ങളുമായിരിക്കും. 

ജില്ലാ കളക്ടർ എസ്.സുഹാസ്, ആന്റണി ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്,  ചെയർമാൻസ്  ചേമ്പർ പ്രസിഡന്റ് സാബു കെ.ജേക്കബ്‌, എഡിഎം കെ.ചന്ദ്രശേഖരൻ നായർ, ദുരന്ത കൈകാര്യ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി, മൂവാറ്റുപുഴ ആർഡിഒ എം.ടി.അനിൽകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date