Skip to main content

എട്ടുവര്‍ഷത്തെ ദുരിതകാലമൊഴിഞ്ഞു, ഓമനയ്ക്കും മകള്‍ക്കും ഇനി സ്വന്തം വീട്. 

കൊച്ചി: സ്വന്തമായുള്ള ഒന്നര സെന്റ് ഭൂമിയില്‍ ഒരു വീടും ശുചിമുറിയും നിര്‍മ്മിക്കുക എന്ന സ്വപ്‌നത്തിനു മേല്‍ വീണ നിയമ കുരുക്കുമായി കോര്‍പ്പറേഷനില്‍ കയറിയിറങ്ങുകയായിരുന്നു ഓമനയും ഭിന്നശേഷിക്കാരിയായ മകള്‍ ദിവ്യയും. തോട്ടും ഭാഗം കരുവേലിപ്പടിയിലെ ഓമന ഭാസ്‌കരന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ യാതനകള്‍ക്കും കാത്തിരിപ്പിനുമാണ് ഒടുവില്‍ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ നടന്ന കൊച്ചി കോര്‍പ്പറേഷന്‍ ഫയല്‍ അദാലത്തില്‍ വിരാമമായത്. 

 

സ്ഥലപരിമിതിയുടെ പേരില്‍ അയല്‍വാസി നല്‍കിയ പരാതിയിന്‍മേലാണ് ഓമനയ്ക്ക് വീടു പണിക്ക് ഇന്‍ജെംഗ്ഷന്‍ ഓര്‍ഡര്‍ വന്നത്. തുടര്‍ന്ന് എട്ടു വര്‍ഷത്തോളമായി വീടുപണി നിയമക്കുരുക്കിലായി. 

അദാലത്തില്‍ മന്ത്രി നേരിട്ട് പരിശോധിച്ച് പരാതി തീര്‍പ്പാക്കി. ഒരു മാസത്തിനകം വീട് പണി പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള അനുമതി ഉടന്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശിച്ചു. 

 

ഓമനയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളെ കല്യാണം കഴിച്ചയച്ചു. ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബ ഭാരം ഓമനയുടെ ചുമലില്‍ ആയിരുന്നു. ഭിന്നശേഷിക്കാരിയും ഹൃദ്രോഗിയുമായ മകള്‍ ദിവ്യക്ക് കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് ഇവര്‍ കഴിയുന്നത്. വീട് നിര്‍മ്മാണ അനുമതിക്കായി നിരവധി തവണ കോര്‍പ്പറേഷനില്‍ കയറി ഇറങ്ങിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായിരുന്നില്ല. 

 

ശുചിമുറി സ്വന്തമായില്ലാത്ത ഓമനയും ഭിന്നശേഷിക്കാരിയായ മകളും വര്‍ഷങ്ങളായി പൊതുശൗചാലയങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ലഭിച്ച മൂന്ന് ലക്ഷം രൂപ കൊണ്ടാണ് ഓമന വീടുപണി ആരംഭിച്ചത്. 

date