Skip to main content

ജല സംരക്ഷണ-വിനിയോഗത്തിന് മാർഗനിർദേശങ്ങളുമായി ജലബഡ്ജറ്റ്

സംസ്ഥാനത്തിന്റെ ജലലഭ്യതയും ആവശ്യകതയും കണ്ടെത്താൻ ജലവിഭവ വകുപ്പ് ജലബഡ്ജറ്റ് തയ്യാറാക്കുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലഅതോറിട്ടി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജലബഡ്ജറ്റ് യാഥാർത്ഥ്യമാക്കുക. ഇത് സംബന്ധിച്ച വകുപ്പുതല കൂടിയാലോചനകൾ ഈമാസം നടക്കും. ജലസ്രോതസുകൾ സംരക്ഷിക്കുകയും ജലവിനിയോഗത്തിനായി സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുക എന്ന ആശയവും ജലബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നു. ഈവർഷം ഡിസംബർ ഒന്ന് മുതൽ ജലവിനിയോഗ പദ്ധതികളുടെ നിർവഹണം ആരംഭിക്കാൻ കഴിയും വിധമാണ് നടപടി പുരോഗമിക്കുന്നത്. പ്രാഥമിക വിവരശേഖരണം ഓഗസ്റ്റ് 30 ന് മുമ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് നിയോജകമണ്ഡലം, ജില്ലാ തലങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾ ജനകീയ പിന്തുണയോടെ ആസൂത്രണം ചെയ്ത് പദ്ധതി തയാറാക്കും. 
ഓരോ പ്രദേശത്തും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ജലബഡ്ജറ്റുകൾ തയ്യാറാക്കുകയാണ് ആദ്യ നടപടി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഓരോ സമയത്തും ഉപഭോഗത്തിന് വേണ്ടിവരുന്ന ജലത്തിന്റെ അളവ്, ലഭ്യമായ ജലത്തിന്റെ അളവ് എന്നിവ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തും. ആവശ്യമായ ജലം ലഭ്യമല്ലെങ്കിൽ ആ കുറവ് സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കലാണ് ജലബഡ്ജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയിൽ ഉണ്ടാകാവുന്ന ജലഉപഭോഗ വർധന കൂടി കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ ജലബഡ്ജറ്റ് തയ്യാറാക്കേണ്ടത്. 
ഇതോടൊപ്പം ഓരോ പ്രദേശത്തും ജലസ്രോതസുകളിലും സംഭരണികളിലും ലഭ്യമായ ജലത്തിന്റെ അളവും ശേഖരിക്കേണ്ടതുണ്ട്. കിണറുകൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലസ്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടുത്തും. ഇവയുടെ അടിസ്ഥാനത്തിൽ ജലആവശ്യവും ജലലഭ്യതയും തമ്മിലുള്ള വ്യത്യാസം ജലസേചന വകുപ്പ് കണ്ടെത്തും. ഈ വ്യത്യാസം പരിഹരിക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും.  
ഓരോ പഞ്ചായത്തിലും കണ്ടെത്തുന്ന കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ വിവിധ തലങ്ങളിൽ തയാറാക്കുകയും അവ നിയമസഭാ നിയോജക മണ്ഡലം, ജില്ല അടിസ്ഥാനമാക്കി ക്രോഡീകരിക്കുകയും ചെയ്യും. ജില്ലാതല ജലസുരക്ഷ പദ്ധതി തയാറാക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്തുതല ജലബഡ്ജറ്റും അതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികളും തയ്യാറാക്കും. ഇവയെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ സംയോജിപ്പിക്കും. ഓരോ പ്രദേശത്തും ലഭിക്കുന്ന മഴയും ഒഴുകിപ്പോകുന്ന ജലവും ആ പ്രദേശങ്ങളുടെ ജല ഉപഭോഗ ആവശ്യങ്ങൾക്ക് സമയക്രമമനുസരിച്ച് വിയോഗിക്കുന്നതിന് സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യും. 
പ്രാദേശികമായ ജലസ്രോതസുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികൾ, പുതിയ ജലസംഭരണ പദ്ധതികൾ, മഴയുടെയും നീരൊഴുക്കിന്റെയും അളവനുസരിച്ച് നദികളിലും തോടുകളിലും ബന്ധാരകൾ ഉൾപ്പെടെയുള്ള വേനൽക്കാല ജലസംഭരണികൾ നിർമിക്കുന്ന പദ്ധതികൾ, വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങൾ, കൃഷിക്കാവശ്യമായ ജലവും വേണ്ടുന്ന സമയവും പ്രദേശങ്ങളും  തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും വിധമാണ് ജലബഡ്ജറ്റ് തയ്യാറാകുക.
പി.എൻ.എക്സ്.2380/19

date