Skip to main content

മാലിന്യ സംസ്കരണം മുനിസിപ്പാലിറ്റികളില്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍  നിര്‍ബന്ധം: ജില്ലാ കളക്ടര്‍

ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും ജൈവ, അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും ഓരോ മുനിസിപ്പാലിറ്റിയിലും  കുറഞ്ഞത് പത്ത് സ്ഥലങ്ങളിലെങ്കിലും മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നിര്‍ദ്ദേശിച്ചു.  മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകളില്‍ ബോട്ടില്‍ ബൂത്തുകള്‍ ഒരുക്കണം.  

ഹരിതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ വീടുകളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കണം. ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത വീടുകള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ ലഭ്യമാക്കണം. അഞ്ച് സെന്‍റില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് അയ്യങ്കാളി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കണം.

 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ അടിയന്തിരമായി പ്രവര്‍ത്തനസജ്ജമാക്കണം. ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സ്പോട്ട് ഫൈനിംഗും രാത്രികാല സ്ക്വാഡ് പ്രവര്‍ത്തനങ്ങളും  ഊര്‍ജ്ജിതപ്പെടുത്തുകയും വേണം.

മാലിന്യം ഉത്പ്പാദിപ്പിക്കുന്നവരില്‍ നിന്നും മുനിസിപ്പാലിറ്റി നിശ്ചിയിക്കുന്ന  യൂസര്‍ ഫീസ് ഹരിതകര്‍മ്മസേന മുഖേനയോ ഉദ്യോഗസ്ഥര്‍ മുഖേനയോ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കണം.  കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കുന്നവര്‍ സ്വന്തം നിലയില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയോ മുനിസിപ്പാലിറ്റിയുടെ പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങളില്‍ പണം നല്‍കി പങ്കാളികളാവുകയോ വേണം. 

കെട്ടിട നിര്‍മ്മാണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും കളക്ടര്‍  മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. 

date