Skip to main content

നിയമങ്ങളെ ജനപക്ഷത്തു നിന്ന് നടപ്പിലാക്കുമ്പോഴാണ് വികസനമുണ്ടാവുക: സ്പീക്കര്‍ തലശ്ശേരി നഗരസഭ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ ചിറകു വരിക്കുന്നതിന് മുമ്പ് കാലത്തിന് മുന്‍പേ പറന്ന പക്ഷിയാണ് തലശ്ശേരി നഗരസഭയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 150 വര്‍ഷത്തെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാനാവുന്ന മറ്റൊരു നഗരം സംസ്ഥാനത്തുണ്ടാവാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി നഗരസഭയ്ക്കായി പുതുതായി നിര്‍മിക്കുന്ന ഓഫീസ് സമുച്ചയ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അധികാരവും നിയമവും യാന്ത്രികമായി ഉപയോഗിക്കുന്നതിന് പകരം അത് ജനപക്ഷത്തു നിന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് വികസനവും സേവനവും ഫലവത്താവുകയെന്നും അദ്ദേഹം പറഞ്ഞു. നിയമനിര്‍മാണ സഭകള്‍ക്ക് നിയമങ്ങള്‍ നിര്‍മിക്കാന്‍ മാത്രമേ കഴിയൂ. അതിനാവശ്യമായ ചട്ടങ്ങളുണ്ടാക്കുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. സേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനീകയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവ് എം മുകുന്ദന്‍, ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് കെ കെ മാരാര്‍, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ ബഹുമതിക്കര്‍ഹനായ ഡോ. സതീഷ് സുബ്രഹ്മണ്യം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഓര്‍മകളാണ് ജീവതത്തിന് വെളിച്ചം നല്‍കുന്നതെന്ന് കഥാകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. ജീവിത സൗകര്യം മെച്ചപ്പെടുമ്പോള്‍ കടന്നുവന്ന വഴികള്‍ മറന്നു പോകരുത്. ജാലവിദ്യ കൊണ്ടല്ല ഒരു പാട് പേരുടെ കഷ്ടപ്പാടും പ്രയത്‌നവും കൊണ്ട് നേടിയതാണ് ഇന്ന് കാണുന്ന വികസനവും മുന്നേറ്റവുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തലശ്ശേരി നഗരസഭ പൈതൃക സൗധമാണെന്ന് കെ കെ മാരാര്‍ അഭിപ്രായപ്പെട്ടു. പഴയ നഗരസഭ കെട്ടിടം നശിപ്പിക്കാതെ പഴമ നിലനിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനം പ്രശംസാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നഗരസഭ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന് നല്‍കി സ്പീക്കര്‍ പ്രകാശനം ചെയ്തു. നഗരസഭ ഓഫീസ് കെട്ടിട നിര്‍മ്മാണത്തോടനുബന്ധിച്ച് മുറിച്ചു മാറ്റേണ്ടി വന്ന വൃക്ഷങ്ങള്‍ക്ക് പകരം നഗരസഭാങ്കണത്തില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പരിപാടിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. 3.25 കോടി രൂപ ചിലവിലാണ് നഗരസഭ കെട്ടിടം നിര്‍മ്മിക്കുന്നത്. 150 വര്‍ഷം പിന്നിട്ട കേരളത്തിലെ പഴക്കം ചെന്ന നഗരസഭകളിലൊന്നാണ് തലശ്ശേരി നഗരസഭ. നിലവിലുള്ള കെട്ടിടം പൈതൃക രീതിയില്‍ സംരക്ഷിച്ചു കൊണ്ടു തന്നെ മൂന്നു നിലകളിലായാണ് ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം പണിയുന്നത്. 1866 നവംബര്‍ ഒന്നിന് രൂപീകൃതമായി 1885 ല്‍ ആറ് നോമിനേറ്റഡ് അംഗങ്ങളുമായാണ് തലശ്ശേരി നഗരസഭ രൂപീകൃതമായത്. 
എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം പി നീമ, കൗണ്‍സിലര്‍ ടി എം റൂബ്‌സീന, ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍, നഗരസഭ സെക്രട്ടറി കെ മനോഹര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ എം സി ജസ്വന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

date