Skip to main content

കുളമ്പ്‌രോഗ പ്രതിരോധം ജില്ലയില്‍ വിജയകരം;  ആറുമാസമായി  കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പ്രതിരോധ കുത്തിവെപ്പ് ക്യാംപയിന്‍ തുടങ്ങി

    കുളമ്പ്‌രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ആറുമാസമായി ജില്ലയില്‍ കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഗോരക്ഷ കുളമ്പ്‌രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ജില്ലയില്‍ വിജയിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥമായ സേവനം ഉണ്ടായിട്ടുണ്ടെന്നും ഇത് തുടരണമെന്നും അദ്ദഹം പറഞ്ഞു. പ്രതിരോധ പദ്ധതിയുടെ 26ാം ഘട്ടമാണ് നിലവില്‍ നടന്നു വരുന്നത്.
    17 മുതല്‍ 21 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വാക്‌സിനേറ്റര്‍മാര്‍ വീടുകളില്‍ എത്തി കുത്തിവെപ്പ് നടത്തും. ജില്ലയില്‍ ആകെ 1,05,257 കന്നുകാലികളാണുള്ളത്. നാല്മാസത്തിനു മുകളില്‍ പ്രായമുള്ള മൃഗങ്ങള്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ഓരോ കുത്തിവെപ്പിനും അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്ജ് ഇനത്തില്‍ 10 രൂപ കര്‍ഷകരില്‍ നിന്നും ഈടാക്കും. ആവശ്യമായ വാക്‌സിനും അനുബന്ധ ഉപകരണങ്ങളും ഇതിനകം തന്നെ പഞ്ചായത്ത് തലത്തിലുള്ള നിര്‍വ്വഹണ സ്ഥാപനങ്ങളില്‍ എത്തിക്കഴിഞ്ഞു. 88 നിര്‍വ്വഹണ സ്ഥാപനങ്ങളിലായി 136 വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ സജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക് തലത്തിലും മോണിറ്ററിംഗ് സമിതികളും രൂപീകരിച്ചിട്ടുണ്ട്. ബ്രില്യന്റ് ബയോഫാര്‍മയുടെ വാക്‌സിനാണ് കുത്തിവെക്കുന്നതിനായി ഉപയോഗിക്കുന്നത്. വാക്‌സിന്റെ ക്ഷമത പരീക്ഷിച്ചിട്ട് ഉറപ്പു വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ ശിതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിര്‍ബന്ധമാണ്. കുത്തിവെച്ചാല്‍ പനി, പാല്‍ കുറയല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളില്ല. 
    ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം വിനോദ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.സി പി പ്രസാദ്, ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ പി മഹമൂദ്, പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.ഒ എം അജിത, കണ്ണൂര്‍ സഹകരണ പാല്‍ വിതരണ സംഘം പ്രസിഡന്റ് പി സി അശോകന്‍, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ.കെ എസ് ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എം പി ഗിരീഷ് ബാബു പദ്ധതി വിശദീകരിച്ചു.
പി എന്‍ സി/2450/2019

date