Skip to main content

ജി.എസ്.ടി വാർഷിക റിട്ടേൺ ഏകദിന സെമിനാർ നടത്തി

ആലപ്പുഴ:ജില്ല ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും  ചേർന്ന്  ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ ജി.എസ്.ടി വാർഷിക റിട്ടേൺ സംബന്ധിച്ച് ഏകദിന സെമിനാർ നടത്തി. നികുതിമേഖലയിൽ പ്രവർത്തിക്കുന്നവർ, വ്യാപാരികൾ, കച്ചവടക്കാർ എന്നിവർ അടക്കം നൂറ്റമ്പതോളം പേർ സെമിനാറിൽ സംബന്ധിച്ചു. കേന്ദ്ര ചരക്ക് സേവന നികുതി അസി.കമ്മീഷണർ പ്രവീൺ ഗവാസ്‌കർ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി സംവിധാനം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്തിയാൽ മാത്രമേ നിലവിലെ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഡപ്യൂട്ടി കമ്മീഷണർ എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു. നികുതി കുടിശിക തീർക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള കുടിശിക നിവാരണ പദ്ധതി വഴി പരമാവധി ഇളവുകൾ ലഭ്യമാണെന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ പി.എസ്.കിരൺലാൽ, സംസ്ഥാന ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റി മെമ്പർ എ.എൻ.പുരം ശിവകുമാർ, ഡോ.രാമലിംഗം, കെ.എസ്.മുഹമ്മദ്, എ.എം.നിസാർ, എസ്.വേണുഗോപാൽ, കെ.ജി. വിജയകുമാരൻ നായർ, പി.വെങ്കിട്ടരാമ അയ്യർ, നസീർ പുന്നയ്ക്കൽ, വർഗ്ഗീസ് കണ്ണംപള്ളി  തുടങ്ങിയവർ പ്രസംഗിച്ചു.

 

date