Skip to main content

അട്ടപ്പാടിയുടെ വികസന കാഴ്ചപ്പാട്' വിദ്യാര്‍ത്ഥികള്‍ കുറിപ്പെഴുതി.  മുന്നോട്ട് വെച്ചത് പച്ചപ്പും തനിമയും സംരക്ഷിച്ച് കൊണ്ടുള്ള വികസനം

കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടാണ് അട്ടപ്പാടിയിലെ വികസനത്തെക്കുറിച്ചുള്ള കുറിപ്പില്‍ അവര്‍ പ്രതിഫലിപ്പിച്ചത്. ഏറെപ്പേരും മുന്നോട്ടുവെച്ചത് അട്ടപ്പാടിയുടെ പച്ചപ്പിനെയും തനിമയെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനം. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്്, വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ സഹകരണത്തോടെ അട്ടപ്പാടിയിലെ  പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ എം.ആര്‍.എസ്. വിദ്യാര്‍ഥികള്‍ക്ക് കുറിപ്പെഴുതാന്‍ അവസരം നല്‍കിയത്. 

അട്ടപ്പാടിയുടെ  'വികസന കാഴ്ചപ്പാടും തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതും' എന്ന വിഷയത്തിലായിരുന്നു കുറിപ്പെഴുത്ത്. അട്ടപ്പാടിയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം, താലൂക്ക് ഓഫീസ്, ക്ലാസിലെ പഠനത്തിനു പുറമെ  ഇംഗ്ലീഷ് ഭാഷ പഠനത്തിനുള്ള പ്രത്യേക ക്ലാസുകള്‍, ബദല്‍ റോഡ്, അട്ടപ്പാടിയിലെ പരമ്പരാഗത ഭക്ഷണരീതി, കൃഷി- ജലസേചന സൗകര്യങ്ങള്‍, ഊരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുഗമമായ ഗതാഗത സൗകര്യങ്ങള്‍, ആരോഗ്യമേഖലയുടെ സമഗ്ര വളര്‍ച്ച, ഗോത്രവിഭാഗത്തിന്റെ  ചികിത്സാരീതികളുടെ സംരക്ഷണം, അട്ടപ്പാടിയുടെ പാരമ്പര്യ മ്യൂസിയം എന്നിവയാണ് കുറിപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബാലവേല, ശൈശവ വിവാഹം എന്നിവയെ കുറിച്ചുള്ള ആശങ്കകളും വിദ്യാര്‍ഥികള്‍ കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

തിരഞ്ഞെടുത്ത 40 വിദ്യാര്‍ഥികളാണ് കുറിപ്പെഴുത്തില്‍ പങ്കെടുത്തത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനും മലയാള ഭാഷാ വൈദഗ്ധ്യമുള്ള രണ്ട് പേരടങ്ങുന്ന ടീമുമാണ് മികച്ച കുറിപ്പുകള്‍ തിരഞ്ഞെടുത്തത്.  

വിജയികള്‍ക്ക് പാരിതോഷികമായി ജില്ലാ കലക്ടറെയും സബ് കലക്ടറെയും നേരില്‍ കാണാന്‍ അവസരം.

മികച്ച കുറിപ്പെഴുതിയ ആദ്യത്തെ മൂന്നു പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും പുസ്തകവും പാരിതോഷികമായി നല്‍കുന്നതിനുപുറമേ മികച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കുറിപ്പുകള്‍ എഴുതിയ 10 പേരെ കൂടി ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുമായി മുഖാമുഖം നടത്തും. ഇന്ന് (ജൂലൈ 18) രാവിലെ 11. 30 ന്  ജില്ലാ കലക്ടറുടെ ചേംബറിലാണ് മുഖാമുഖം നടക്കുക. അട്ടപ്പാടിയിലെ വളര്‍ന്നുവരുന്ന തലമുറകളുടെ വികസന കാഴ്ചപ്പാടും വിദ്യാഭ്യാസപരമായ സ്വപ്നങ്ങളും നേരിട്ട് അധികൃതരോട് തുറന്നുപറയാന്‍ അവസരമൊരുക്കുകയാണ് മുഖാമുഖത്തിന്റെ ലക്ഷ്യം. 
 

date