Skip to main content

നവോത്ഥാന സംരക്ഷണത്തിന് ഒരേ മനസോടെ മുന്നോട്ടു പോകണം: മുഖ്യമന്ത്രി

* ആഗസ്റ്റ് 15 മുതൽ ബഹുജന കൂട്ടായ്മയും കാമ്പസുകളിൽ സെമിനാറും സ്മൃതിയാത്രയും
നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ചു പ്രവർത്തിച്ചാൽ അത് കേരളത്തിൽ വലിയ മുന്നേറ്റമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 
നവോത്ഥാന മൂല്യം തകർക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവർ ചില്ലറക്കാരല്ല. നവോത്ഥാന മൂല്യ സംരക്ഷണവും ബോധവത്കരണവുമായി മുന്നോട്ടു പോകുമ്പോൾ അത് വിജയിക്കരുതെന്ന് അവർ ചിന്തിക്കും. ഇക്കൂട്ടർ വലിയ പ്രതിരോധം ഉയർത്തും. ഇത്തരം ശക്തികൾക്ക് പ്രചാരണ രംഗത്ത് വലിയതോതിൽ സ്വാധീനം ഉറപ്പിക്കാനാവുന്നു. നവോത്ഥാന സമിതിയിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ട്. എന്നാൽ നവോത്ഥാന മൂല്യ സംരക്ഷണം പ്രത്യക്ഷത്തിൽ ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാന മൂല്യ സംരക്ഷണത്തെ കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ ജില്ലാടിസ്ഥാനത്തിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ കാമ്പസുകളിലും അതിനോടനുബന്ധിച്ചും ഒക്‌ടോബറിൽ നവോത്ഥാന സെമിനാറുകൾ നടത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക്  ഡിസംബറിൽ സ്മൃതിയാത്ര നടത്താനും തീരുമാനമായി. ജില്ലാതല സംഗമങ്ങൾ വിപുലമായ രീതിയിൽ ജനപങ്കാൡത്തോടെ നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൂടുതൽ വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കുമെന്ന് സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ജില്ലകളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള ചുമതലക്കാരെ യോഗത്തിൽ നിശ്ചയിച്ചു. സമിതി ഭാരവാഹികളായ സി. പി. സുഗതൻ, പി. രാമഭദ്രൻ, പി. ആർ. ദേവദാസ്, ബി. രാഘവൻ, അഡ്വ. കെ. ശാന്തകുമാരി, മാർ ബസേലിയോസ് ക്ലിമിസ് ബാവ, പി. അബ്ദുൾ ഹക്കീം ഫൈസി, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 75ഓളം പേർ പങ്കെടുത്തു. 

പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം
പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന്റെ മറവിൽ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവർക്കും മനസിലായി. അനേകായിരങ്ങൾ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ലാഘവത്വം കാണിച്ചിട്ടില്ല. കർക്കശ നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ല. 
മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ല. മാധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകും. കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തിൽ പോലീസുകാർ ആർ. എസ്. എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്നതരത്തിലാണ് ഒരു മാധ്യമത്തിൽ വാർത്ത വന്നത്. ഇത് ശുദ്ധകളവാണ്. പോലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 
പി.എൻ.എക്സ്.2413/19

date