Skip to main content

ഓപറേഷൻ പഴ്‌സ് സ്ട്രിങ്ങ്‌സ്: ജല അതോറിട്ടി ഓഫീസുകളിൽ മിന്നൽ പരിശോധന

ജല അതോറിട്ടിയുടെ സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ ഓഫീസുകളിലും മിന്നൽ പരിശോധന. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് 'ഓപറേഷൻ പഴ്‌സ് സ്ട്രിങ്ങ്‌സ്' എന്ന പേരിൽ രാവിലെ എട്ടു മുതൽ മിന്നൽ പരിശോധന നടത്തിയത്.
സബ്ഡിവിഷണൽ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയ്ക്ക് മന്ത്രി നിർദ്ദേശം നൽകിയത്. പിരിച്ചെടുക്കുന്ന വെള്ളക്കരം ഉദ്യോഗസ്ഥർ യഥാസമയം ബാങ്കിൽ അടയ്ക്കാതിരിക്കുന്നത് അടക്കമുള്ള പരാതികളാണ് ഉയർന്നുവന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സൂപ്രണ്ടിംഗ് എൻജിനീയർമാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘങ്ങളാണ് ഓരോ ഓഫീസിലും പരിശോധന നടത്തുന്നത്. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർമാർക്ക് ബന്ധമില്ലാത്ത സബ്ഡിവിഷണൽ ഓഫീസുകളിലാണ് ഇവരെ പരിശോധന നടത്താൻ നിയോഗിച്ചത്. ഇന്ന് രാവിലെ മാത്രമാണ് ഓരോ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറും ഏത് മേഖലയിലാണ് പരിശോധനയ്ക്ക് പോകണമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർമാർ അവരെ അറിയിച്ചത്.
ദിനംപ്രതിയുള്ള കളക്ഷൻ റിപ്പോർട്ട് മേലധികാരി പരിശോധിച്ചിട്ടുണ്ടോ, കളക്ഷൻ സ്റ്റേറ്റ്‌മെന്റും ഇ-അബാക്കസും ഒത്തുനോക്കിയിട്ടുണ്ടോ, കാഷ്ബുക്ക് എൻട്രികൾ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടോ, പ്രവർത്തനത്തിലുള്ളതും ഇല്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള രേഖകൾ പരിശോധിക്കാനാണ് പ്രധാനമായും നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ജൂലൈ 17 വരെയുള്ള കണക്കുകളും ഇതിനൊപ്പം പരിശോധിക്കും
പി.എൻ.എക്സ്.2414/19

date