Skip to main content

ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം  സപ്തംബറില്‍ തുടങ്ങും ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 16 മാസത്തിനകം ഗ്ലോബല്‍ ഡയറി വില്ലേജ്: സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങി

പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ കല്ല്യാട് തട്ടില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആശുപത്രി കെട്ടിടം ഉള്‍പ്പെടുന്ന ഒന്നാംഘട്ടത്തിന്റെ പ്രവൃത്തി ഈ വര്‍ഷം സപ്തംബറില്‍ ആരംഭിക്കും. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
2020 സപ്തംബറോടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുക്കുന്ന 311 ഏക്കര്‍ ഭൂമിയില്‍ ഒന്നാം ഘട്ടത്തിനാവശ്യമായ 36 ഏക്കര്‍ ഇതിനകം ലഭ്യമാക്കിക്കഴിഞ്ഞു. ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. 2021 മാര്‍ച്ചോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത കിറ്റ്‌കോ പ്രതിനിധി യോഗത്തെ അറിയിച്ചു. 
300 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 70 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള റിസര്‍ച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയും ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കും. വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, ആയുര്‍വേദ ചെടികള്‍ ഉള്‍ക്കൊള്ളുന്ന ഹെര്‍ബല്‍ നഴ്‌സറി, ജലസംരക്ഷണ പദ്ധതികള്‍, പദ്ധതി പ്രദേശത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങിയവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കും. 
അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിംഗ് സംവിധാനം, കാന്റീന്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍ തുടങ്ങിയവയും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 
ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ഒന്നാംഘട്ട പ്രവൃത്തികള്‍ 16 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 6340 ചതുരശ്ര മീറ്ററില്‍ അഞ്ച് നിലകളിലായി നിര്‍മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉള്‍പ്പെട്ടതാണ് ഒന്നാം ഘട്ടം. കിഫ്ബിയില്‍ നിന്നുള്ള 100 കോടി രൂപയില്‍ 71 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് സര്‍ജിക്കല്‍ ബ്ലോക്കിന്റെ നവീകരണവും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. 
വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ 60 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ഗ്ലോബല്‍ ഡയറി വില്ലേജിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാനും അവലോകന യോഗം തീരുമാനിച്ചു. പടുവിലായി വില്ലേജിലെ 10 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഗിര്‍, താര്‍പാര്‍ക്കര്‍, സഹിവാള്‍ തുടങ്ങിയ ഇന്ത്യന്‍ ജനുസ്സ് പശുക്കളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിനുള്ള ആധുനിക കേന്ദ്ര ഡയറി ഫാം, 10 സാറ്റലൈറ്റ് ഡയറി ഫാമുകള്‍, പ്രതിദിനം 10,000 ലിറ്റര്‍ നാടന്‍ പാല്‍, ജൈവപാല്‍, ജൈവ പച്ചക്കറി ഉല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഫാം ടൂറിസം സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പശുക്കള്‍ക്കാവശ്യമായ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിന് ആറളം ഫാം ഉള്‍പ്പെടെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. 
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) എസ് എല്‍ സജി കുമാര്‍, ദേശീയ ആയുഷ് മിഷന്‍ ഡിപിഎം ഡോ. കെ സി അജിത്ത് കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ പി വിനീതന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ രാജശ്രീ കെ മേനോന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, കിറ്റ്‌കോ സീനിയര്‍ കള്‍സല്‍ട്ടന്റ് ഇ വി സജിത്ത്കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
പി എന്‍ സി/2462/2019

 

date