Skip to main content

പ്രളയാനന്തരം  കൗണ്‍സലിംഗ് ലഭിച്ചത് 66029 പേര്‍ക്ക്

 

ജില്ലയില്‍ പ്രളയാനന്തരം ആരോഗ്യവകുപ്പ് കൗണ്‍സലിംഗ് നല്കിയത് 66029 പേര്‍ക്കാണ്. പ്രളയം തകര്‍ത്തു കളഞ്ഞ ഇടങ്ങളിലെ മനുഷ്യരുടെ മാനസിക അവസ്ഥയെ പഴയനിലയിലേക്കെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന് സാധിച്ചു.  പ്രളയം വ്യക്തികളില്‍ ഉണ്ടാക്കുന്ന മാനസിക സാമൂഹിക  ആഘാതം മനസ്സിലാക്കുവാന്‍ 33 പുനരധിവാസ ക്യാമ്പുകളാണ് പരിപാടിയുടെ ഭാഗമായി  സന്ദര്‍ശിച്ചത്.  പ്രളയ ബാധിതര്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.  ആശാവര്‍ക്കര്‍മാരും പരിശീലനം നേടിയവരും ജില്ലയിലെ 13556 വീടുകള്‍ സന്ദര്‍ശിക്കുകയും 66029 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.  

 

സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ 55 പേര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ ചികിത്സയും മറ്റും സേവനങ്ങളും വകുപ്പ് ലഭ്യമാക്കുകയും ചെയ്തു. പ്രളയാഘാതം നേരിടേണ്ടി വന്ന കുട്ടികള്‍ക്ക് വേണ്ടി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  സഹായത്തോടെ മാനസിക ഇടപെടലുകള്‍ നടത്താനും വകുപ്പിന് സാധിച്ചു. 

 

പ്രളയക്കെടുതിയില്‍ പെട്ട് മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണയും മറ്റു ചികിത്സാസഹായവും ലഭ്യമാക്കുവാന്‍ സൈക്കോളജിക്കല്‍ ഹെല്‍പ് ലൈന്‍ സേവനവും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ നടപ്പാക്കി. ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇംഹാന്‍സ്,  സാമൂഹ്യനീതി വകുപ്പ്, ദേശിയ ആരോഗ്യ ദൗത്യം എന്നിവരെ  പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചു.  

 

ജില്ലാ മാനസികാരോഗ്യ പദ്ധതി സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റേയും ഇംഹാന്‍സിന്റെയും സഹായത്തോടെ സ്‌കൂള്‍ കൗണ്‍സിലര്‍, ആശാവര്‍ക്കേഴ്‌സ്  എന്നിവര്‍ക്കായി 'പ്രളയദുരന്തം മാനസികാരോഗ്യ ഇടപെടലുകള്‍' എന്ന വിഷയത്തില്‍ 45 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലായി  629 ആശാവര്‍ക്കേഴ്സിന് പരിശീലനം നല്‍കി. അപകടകരമായ മാനസിക  നിലയിലേക്കെത്തിയ നിരവധി പേര്‍ക്ക് കൈത്താങ്ങാവാന്‍ ഇത് വഴി സാധിച്ചു.   കൂടാതെ പ്രളയത്തില്‍ നശിച്ചു പോയ സബ്സെന്ററുകളുടെ പ്രവൃത്തിയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1,57,000 രൂപ ഉപയോഗിച്ചാണ് കുറ്റിക്കടവ് സബ്സെന്ററിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. കഴുക്കല്ലൂര്‍ സബ്സെന്ററില്‍ 89,000 രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടത്തുന്നത്.  

 

date