Skip to main content

എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

 

    ജില്ലയില്‍ എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍, വാര്‍ധക്യത്തിലെത്തിയവര്‍, പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍, വൃക്ക, കരള്‍ രോഗികള്‍, ഹൃദ്രോഗ, ക്യാന്‍സര്‍ ബാധിതര്‍, ദീര്‍ഘകാല ചികിത്സയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗബാധയുണ്ടായാല്‍ അതീവ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പനിയുടെ ലക്ഷണം കണ്ടാലുടന്‍ ചികിത്സ തേടണമെന്നും അറിയിപ്പില്‍ പറയുന്നു.

    രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിലുണ്ട്.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ചു മൂക്കും വായും മൂടുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക, പനിയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, നന്നായി വിശ്രമിക്കുക എന്നിവ പാലിക്കുന്നതിലും ശ്രദ്ധവയ്ക്കണം.

    പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു ശ്രമിക്കരുത്. ഏറ്റവും അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 772/2019)

 

date