Skip to main content

മത്സ്യത്തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം-ഫിഷറീസ് മന്ത്രി

* മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് കാർഡ്, ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തിരുവനന്തപുരത്ത് എൽ.എം.എസ് കോമ്പൗണ്ടിലെ വിമൺസ് കോൺഫറൻസ് ഹാളിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്ന മികവ്-2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടത്തിൽ പെടുന്ന അവസരത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഈ സർക്കാർ പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് വള്ളത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും. അർഹതപ്പെട്ടവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. വീട് നഷ്ടപ്പെട്ടവർക്കായി ജില്ലയിൽ രണ്ടു ഫ്ളാറ്റ് കൂടി നിർമ്മിച്ച് നൽകാൻ പദ്ധതിയുണ്ട്. തീരദേശത്ത് നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പുതുതലമുറ ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു. വിവിധ കോഴ്സുകളിൽ ഉന്നതവിജയം നേടിയ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും മത്സ്യഫെഡ് ഏർപ്പെടുത്തിയ പുരസ്‌കാരവും ക്യാഷ് അവാർഡും മന്ത്രി വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപയും എട്ട് എ പ്ലസ് നേടിയവർക്ക് 3000 രൂപ വീതവും പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപയുമാണ് ക്യാഷ് അവാർഡ.് ബിരുദത്തിന് റാങ്ക് നേടിയ രണ്ടു പേർക്ക് 7500 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ റാങ്ക് നേടിയ രണ്ടു പേർക്ക് 10000 രൂപയും എം. ബി. ബി. എസ്./ ബി. ഡി. എസ്. പ്രവേശനം നേടുന്ന മൂന്ന് പേർക്ക് 10000 രൂപ വീതവുമാണ് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവന്തപുരത്ത് 169 എസ്. എസ്. എൽ.സി വിദ്യാർത്ഥികളും 20 പ്ലസ് ടു വിദ്യാർത്ഥികളും കൊല്ലം ജില്ലയിലെ 117 എസ്. എസ്. എൽ. സി വിദ്യാർത്ഥികളും 12 പ്ലസ് ടു വിദ്യാർത്ഥികളും അവാർഡിനർഹരായി. 
ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. എം.ഡി. ഡോ. ലോറൻസ് ഹരോൾഡ്, നഗരസഭ നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മത്സ്യഫെഡ് അംഗങ്ങളായ ആർ ജെറാൾഡ്, സബീന സ്റ്റാൻലി, ജി. രാജദാസ്, പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്, സോളമൻ വെട്ടുകാട്, ഇ. കെന്നഡി, മത്സ്യഫെഡ് ജില്ലാ മാനേജർ നാൻസി പി. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.2473/19

 

date