Skip to main content
കട്ടപ്പന നഗരസഭയിലെ പച്ചത്തുരുത്ത് പദ്ധതി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന നഗരസഭയില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.  അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ 11-ാം വാര്‍ഡ് കൊച്ചുതോവാള ആരോഗ്യ ഉപകേന്ദ്രത്തിനു സമീപം പച്ചത്തുരുത്തിനായി ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. അനുദിനം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു. 

  വാര്‍ഡ് കൗണ്‍സിലര്‍ സിബി പാറപ്പായി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ രാജമ്മ രാജന്‍, ജലജ ജയസൂര്യ, ലൗലി ഷാജി, നഗരസഭയിലെ ആരോഗ്യ, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പേര, നെല്ലി, ഞാവല്‍, ആത്ത, മുള തുടങ്ങി വിവിധയിനങ്ങളിലെ നൂറോളം തൈകളാണ് ആരോഗ്യ ഉപകേന്ദ്രത്തിനു സമീപമുള്ള 30 സെന്റ് സ്ഥലത്ത് നട്ടത്.  ചെരിവുള്ള വശത്ത് മണ്ണൊലിപ്പ് തടയുന്നതിനായി മുള തൈകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 45 ഓളം തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. വനംവകുപ്പില്‍ നിന്നും സൗജന്യമായാണ് തൈകള്‍ ലഭിച്ചത്. നടുന്ന തൈകള്‍ക്ക് ചുറ്റും ജൈവവേലി കെട്ടി  തുടര്‍ സംരക്ഷണം ഉറപ്പാക്കി ഇവിടൊരു പച്ചത്തുരുത്ത് സൃഷ്ടിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
 

date