Skip to main content

വായിച്ചു വളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത്:  സി ആർ ദാസ്

വായിച്ചു വളരുന്നവർക്ക് ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാൻ കഴിയുമെന്ന് ബാലസാഹിത്യകാരനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആർ ദാസ്. കൂട്ടുകാരുടെ വിജയത്തിൽ സന്തോഷിക്കാനും പരാജയത്തിൽ സങ്കടപ്പെടാനും കഴിയുന്ന യഥാർത്ഥ ചങ്ങാതിമാരാവാൻ വായനയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്ര ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂളിലെ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഫാ. മാനുവൽ മേവട അദ്ധ്യക്ഷത വഹിച്ചു. വായനമത്സരം, കാവ്യാലാപനമത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് ശാസ്താംകാല, ഐസിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, പി ടി എ പ്രസിഡന്റ് തിലകൻ ഇ കെ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോയ്‌സൺ മുളവരിക്കൽ, അധ്യാത്മിക ആചാര്യൻ ഫാ. ജോസിൻ താഴേത്തട്ടിൽ, സ്‌കൂൾ കോർഡിനേറ്റർ സ്റ്റനി വർഗ്ഗീസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയൻ ഉല്ലാസ് സി ജി, എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവോടെ കുട്ടികളിലെത്തിക്കുന്ന പുസ്തകമേള അക്ഷരയാത്രയുടെ ഭാഗമാണ്. ജൂലൈ 22, 23 തീയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പുസ്തകമേളയിൽനിന്നും കുട്ടികൾക്ക് പകുതിവിലയ്ക്ക് പുസ്തകങ്ങൾ വാങ്ങാം. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടർന്ന് 2014ൽ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോൾ തൃശ്ശൂർ ജില്ലയിൽ എത്തിയിരിക്കുന്നത്. ജൂലൈ എട്ട് മുതൽ തുടങ്ങിയ യാത്ര ആഗസ്റ്റ് ഒൻപത് വരെ ജില്ലയിൽ തുടരും. ജില്ലയിലെ 20 സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്. മതിലകം സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ അക്ഷരയാത്ര ചെറുകഥാകൃത്ത് യു കെ സുരേഷ്‌കുമാർ ഇന്ന് (ജൂലൈ 24) ഉദ്ഘാടനം ചെയ്യും.

date