Skip to main content

അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു

 

ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക് നല്‍കുന്ന സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വഹിച്ചു. പാലാ കടപ്പാട്ടൂര്‍ സ്വദേശി രാജഗോപാലിനും വൈക്കം സ്വദേശി രമ്യമോള്‍ക്കും താക്കോല്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. ജില്ലയുടെ സമസ്ത വികസനത്തിനൊപ്പം അംഗപരിമിതര്‍ക്കായുളള ക്ഷേമപദ്ധതികളും ജില്ലാ പഞ്ചായത്ത് പ്രാധാന്യത്തോടെ കാണുന്നതായി സഖറിയാസ് കുതിരവേലി പറഞ്ഞു. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവന്‍ അംഗപരിമിതര്‍ക്കും മുച്ചക്രവാഹനം സാധ്യമാക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഒരു കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ ഒന്നാംഘട്ടമായാണ് 75 പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ 75 പേര്‍ക്കു കൂടി മുച്ചക്രവാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ സാമൂഹ്യനീതി വകുപ്പാണ് പദ്ധതിക്കായുളള ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 40 ശതമാനം അംഗപരിമിതരായവരെയാണ് പരിഗണിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച മഹീന്ദ്ര ഗസ്റ്റോ സ്‌കൂട്ടറും ഹെല്‍മറ്റുമാണ് ഗുണഭോക്താക്കള്‍ക്കു നല്‍കുന്നത്.

വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അജിത് മുതിരമല, ജയേഷ് മോഹന്‍, മഹേഷ് ചന്ദ്രന്‍, കെ കെ രഞ്ജിത്ത്, ലിസമ്മ ബേബി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ശിവന്യ എന്നിവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയ് മണിയങ്ങാട്ട് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജെ വര്‍ക്കി നന്ദിയും പറഞ്ഞു.  

                                                           (കെ.ഐ.ഒ.പി.ആര്‍-2208/17)

date