Skip to main content

പൂപ്പൊലിക്ക് പുതുവര്‍ഷപ്പുലരിയില്‍ തുടക്കമാവും; മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും

 

 

                കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി ഒരുക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള പൂപ്പൊലിക്ക് പുതുവര്‍ഷപ്പുലരിയില്‍ തുടക്കമാവും.  ജനുവരി 18 വരെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന മേള ഒന്നിന് രാവിലെ 10.30 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.  എം.ഐ.ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എക്‌സിബിഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. യും സ്റ്റാളുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല ഭരണസമിതി അംഗം അഡ്വ.രാജന്‍ എം.എല്‍.യും  ഉദ്ഘാടനം  ചെയ്യും. ഒ.ആര്‍.കേളു എം.എല്‍.എ. കര്‍ഷകരെ ആദരിക്കും. ചടങ്ങില്‍ എം.എല്‍.എ.മാരായ ജി.എസ്.ജയലാല്‍, കെ.കൃഷ്ണന്‍കുട്ടി, എം.വിന്‍സന്റ്, കെ.വി.വിജയദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  ടിക്കാറാം മീണ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.ചന്ദ്രബാബു, ആര്‍.എ.ആര്‍.എസ്. ഡയറക്ടര്‍ ഡോ.പിരാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

               

                2014ല്‍ തുടങ്ങി പൂപ്പൊലി ചുരുങ്ങിയ കാലയളവില്‍തന്നെ വയനാടിന്റെ ടൂറിസം മേഖലയില്‍ സ്ഥാനം പിടിക്കുകയുണ്ടായി. നാലുവര്‍ഷംകൊണ്ട് അമ്പതില്‍പ്പരം രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തിലധികം പേര്‍ പൂപ്പൊലി കണ്ടുവെന്നാണ് കണക്ക്. 12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തില്‍ വിവിധ നിറത്തിലുളള ആയിരത്തി നാനൂറോളം റോസ് ഇനങ്ങള്‍, ആയിരത്തി അഞ്ഞൂറില്‍പ്പരം ഡാലിയ ഇനങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച അഞ്ഞൂറോളം ഓര്‍ക്കിഡുകള്‍, കള്ളിമുള്‍ ചെടികള്‍, വൈവിധ്യമാര്‍ന്ന അലങ്കാര ചെടികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

               

 

                വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യയിലൂടെ ഉടലെടുത്ത പലതരം കാര്‍ഷിക പ്രവര്‍ത്തിപരിചയ മോഡലുകള്‍ പൂപ്പൊലി നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലോകമെങ്ങും കാര്‍ഷിക മേഖലയിലുണ്ടായ വികസനങ്ങള്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം,   കൃഷിരീതിയിലുണ്ടായ നൂതന മാറ്റങ്ങള്‍ എന്നിവ കര്‍ഷകരിലേയ്ക്ക് എത്തിക്കുന്നതില്‍ പൂപ്പൊലി നല്ല പങ്ക് വഹിക്കുന്നുണ്ട്. പൂപ്പൊലി മഹോത്സവത്തില്‍ ഉന്നതനിലവാരമുളള നടീല്‍ വസ്തുക്കളുടെയും മികച്ചയിനം വിത്തിനങ്ങളുടെയും വിപണനവും പ്രദര്‍ശനവും സജ്ജമാക്കിയിട്ടുണ്ട്. കൃഷി അനുബന്ധ വകുപ്പുകള്‍, കാര്‍ഷികേതര വകുപ്പുകള്‍, പുഷ്പ-ഫല കൃഷിയെ പ്രോത്‌സാഹിപ്പിക്കുന്ന ദേശീയ അന്തര്‍ദേശീയ സംഘടനകള്‍, മികച്ച കര്‍ഷര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള മേളയാണ് പൂപ്പൊലി.

date