Skip to main content
അടിമാലി ടൗണ്‍ഹാളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ റിട്ട.ജെസ്റ്റിസ് കമാല്‍ പാഷ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുന്നു.

ജനങ്ങള്‍ ശരിയായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുന്നത്: റിട്ട.ജസ്റ്റിസ് കമാല്‍ പാഷ

ജനാധിപത്യ രാജ്യത്ത് പരമാധികാരം ജനങ്ങള്‍ക്കാണ്. ഭക്ഷണം,പാര്‍പ്പിടം, വസ്ത്രം ഇതായിരന്നു ആദ്യകാലത്തെ ആവശ്യങ്ങള്‍ കാലാനുസൃതമായ മാറ്റത്തിനൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, അറിയാനുള്ള അവകാശം, അഭിപ്രായം പറയാനുള്ള അവകാശം എല്ലാം ഭരണഘടന ഉറപ്പു നല്‍കുന്നു. സ്വാതന്ത്ര്യം നിഷേധിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. ആള്‍കൂട്ടക്കൊല നടത്തുന്നത് ഭരണകൂടങ്ങളല്ല മറിച്ച് ജനങ്ങളാണ്; എന്ന് ജനങ്ങള്‍ ശരിയായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അന്നാണ് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയുള്ളു  സ്വാതന്ത്ര്യദിന സന്ദേശം നല്‍കി കൊണ്ട് റിട്ട.ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭൂരിപക്ഷത്തിന്റെ അവിവേകമാണ്. ഭൂരിപക്ഷത്തിന് അറിവില്ലെങ്കില്‍ ജനാധിപത്യത്തിന് നാശമാണ് സംഭവിക്കുന്നതെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് എല്ലാവരും ഒന്നാണെന്നും, എല്ലാ മതങ്ങളും ഒന്നു തന്നെയാണെന്നും, ആചാരങ്ങള്‍ വിവധങ്ങളാണെന്നും  അത് മനുഷ്യ സൃഷിടികളാണെന്നും അത് മുറുകപ്പിടിക്കരുതെന്നുമുള്ള കാഴ്ചപ്പാട് നമ്മള്‍ക്കുണ്ടാവണമെന്നും അങ്ങനെയണെങ്കില്‍ നമുക്ക് സഹോദരങ്ങളായി ജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അടിമാലി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിമാലി ഗ്രാമപഞ്ചായത്തിന്റെയും അറ്റാഡ്സിന്റെയും (അടിമാലി ടൂറിസം ആന്റ് അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റി)  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അടിമാലിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചിരുന്ന സ്വാതന്ത്രദിന റാലി ഉപേക്ഷിച്ചു. ലളിതമായി സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ വിവിധ സ്‌കൂളുകളില്‍ നടത്തിയ കലാ-സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. 

അറ്റാഡ്സ് പ്രസിഡന്റ് പി.വി സ്‌കിയ അധ്യക്ഷത വഹിച്ചു. അടിമാലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, അറ്റാഡ്സ് ഭാരവാഹികളായ സി.ഡി ഷാജി, കെ.എം ഷാജി, വി.ആര്‍ ശശി തുടങ്ങിയവരും സംസാരിച്ചു. ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതക്കള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 
 

date