Skip to main content

കാസര്‍കോട്  പി ആര്‍ ഡി അറിയിപ്പ്‌

യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡിന്  അപേക്ഷിക്കാം

യുവജനക്ഷേമ കായിക മേഖലകളില്‍  മികച്ച  പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ദേശീയ -അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം,പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ സാംസ്‌കാരിക കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍ ,ജില്ല, സംസ്ഥാന തല പരിപാടികളിലെ പങ്കാളിത്തം, കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  തുടങ്ങി വിവിധ മേഖലകളില്‍    2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി  അവാര്‍ഡ്  നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപയും ദേശീയ തലത്തില്‍ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്ന ക്രമത്തില്‍ മൂന്ന് അവാര്‍ഡുകളുമാണുള്ളത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.പ്രത്യേക മാതൃകയിലുള്ള ഫോമില്‍ ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തത് വേണം അപേക്ഷിക്കാന്‍.അപേക്ഷ ഈ മാസം 31  നകം ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്്.671123 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255144 .

    വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

    കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന്  അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന്  ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള  സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരി പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍  ഈ മാസം 31 ന് മുമ്പായോ അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 60 ദിവസത്തിനകം 11-ാം നമ്പര്‍ ഫോമില്‍  വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ  ബോര്‍ഡിന്റെ  ബന്ധപ്പെട്ട  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ  സമര്‍പ്പിക്കണം.  വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ   സാക്ഷ്യപ്പെടുത്തണം. ഫോണ്‍ നമ്പര്‍-0497 297 02 72 

ശുചിമുറി നിര്‍മ്മാണത്തിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയില്‍ യോഗ്യതയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ശുചി മുറി നിര്‍മ്മാണത്തിന്  ഈ മാസം 24 വരെ അപേക്ഷിക്കാം. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലകളില്‍ നിന്ന് ലഭ്യമാക്കുന്ന പട്ടിക സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്രത്തിന് നല്‍കും. 

വിമുക്തഭടന്മാരുടെ വിധവകളുടെ സംഗമം 

ഐ എന്‍ എസ്,സാമോറിന്‍    ഏഴിമലയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഇന്ത്യന്‍ നേവിയിലെ വിമുക്തഭടന്മാരുടെ വിധവകളുടെ ക്ഷേമ പ്രവര്‍ത്തനം, പ്രശ്‌നപരിഹാരം,പെന്‍ഷന്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ക്കായി  ഈ മാസം 22 ന്  രാവിലെ 11 മുതല്‍ 12 വരെ സംഗമം നടത്തുന്നു. ഇന്ത്യന്‍ നേവിയിലെ വിമുക്തഭടന്മാരുടെ വിധവകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക്- 04994256860 

മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് കണ്ണൂരില്‍

ഡിഫന്‍സ്  പെന്‍ഷന്‍ ഡിസ്‌ബെര്‍ഴ്‌സിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസില്‍ ഈ മാസം 23 ന് മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഡി.പി.ഡി.ഓ  വഴിയോ , ബാങ്ക് വഴിയോ ഡിഫന്‍സ് പെന്‍ഷന്‍ വാങ്ങുന്ന ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍ സംബന്ധമായ പ്രശ്‌ന പരിഹാരത്തിന് അദാലത്തില്‍ പങ്കെടുക്കാം.അദാലത്തില്‍ ഹാജരാക്കേണ്ട ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഡി.പി.ഡി.ഓ  ഓഫീസിലെ 0497 2764070 എന്ന നമ്പറിലോ കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ  0499425686 എന്ന നമ്പറിലോ ബന്ധപ്പെടുക.  .  

എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ കണ്ണൂരില്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ സെപ്തംബര്‍ അഞ്ചിന്   രാവിലെ ഒന്‍പത് മുതല്‍ 12.30 വരെ നടത്തും.അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി സെപ്തംബര്‍ അഞ്ച് 2019 എന്നും ആയിരിക്കണം.  അന്നേ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് :- 0497-2765310, 0495-2304885
 

ആയുഷ്മാന്‍ ഭാരത് കാരുണ്യ  ആരോഗ്യ  സുരക്ഷ  പദ്ധതി കാര്‍ഡ് വിതരണം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി  നടപ്പിലാക്കി വരുന്ന  ആയുഷ്മാന്‍  ഭാരത് -കാരുണ്യ  ആരോഗ്യ  സുരക്ഷ  പദ്ധതി കാര്‍ഡ് വിതരണം   ജില്ലാതല  കേന്ദ്രങ്ങളില്‍  ഈ മാസം 25   വരെ   നടക്കും.അംഗത്വം നേടുന്ന കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൂടെ പ്രതിവര്‍ഷം ലഭ്യമാവുന്നത്..
റേഷന്‍കാര്‍ഡ്,ആധാര്‍കാര്‍ഡ്, ഈ വര്‍ഷം  മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ആരോഗ്യ  ഇന്‍ഷൂറന്‍സ്  കാര്‍ഡ് അല്ലെങ്കില്‍  തപാല്‍ വഴി ലഭിച്ച പ്രധാനമന്ത്രിയുടെ കത്ത് എന്നിവയുമായി ജില്ലാതല കേന്ദ്രങ്ങളില്‍ നേരിട്ട് എത്തണം.ജില്ലാതല കാര്‍ഡ് വിതരണ കേന്ദ്രങ്ങളാണ് കാസര്‍കോട്  മുനിസിപ്പാലിറ്റി വനിതാഭവന്‍ കുടുംബശ്രീ  ഹാള്‍, ചെറുവത്തൂര്‍ പഞ്ചായത്ത്  കുടുംബശ്രീ  ഹാള്‍,  മുള്ളേരിയ ഗണേഷ് മന്ദിരം ഹാള്‍,  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി , ബോവിക്കാനം മുളിയാര്‍ പഞ്ചായത്ത്  ഹാള്‍ എന്നിവ .കൂടുതല്‍  വിവരങ്ങള്‍ക്ക് -9995606033

സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം കേരളാ പി.എസ്.സി. യുടെ വിവിധ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  സൗജന്യ സമഗ്ര കോച്ചിംഗ്  നല്‍കുന്നു.എസ്. എസ്.എല്‍.സി പാസായവര്‍ക്കും അതിനുമുകളിലും യോഗ്യതയുളള മഞ്ചേശ്വരം താലൂക്കിലെ  എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ്  അസിസ്റ്റന്റ് ബ്യൂറോയിലും(വ്യാഴം,വെള്ളി,ശനി) കാസര്‍കോട്  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹാജരായി  ഈ മാസം  31 നകം അപേക്ഷ സമര്‍പ്പിക്കണം.പരിശീലന ക്ലാസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. 
                

 അപേക്ഷ ക്ഷണിച്ചു

പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 22 ന്  വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. അപക്ഷാഫോറം പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നിന്ന് ലഭിക്കും്.ഫോണ്‍:04672967767,9745705818 

     

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2019-20 അധ്യായന വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ സ്ഥാപനമേധാവി മുഖേന നല്‍കണം.  അപേക്ഷയോടൊപപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത , കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥി കോളേജില്‍  പ്രവേശനം നേടി മൂന്ന് മാസത്തിനകം സമര്‍പ്പിക്കണം.  അപേക്ഷ ഫോറത്തിന് www.scdd.kerala.gov.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. 
 

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 22ന് മെഗാ അദാലത്ത്

     1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ നികുതി കുടിശ്ശിക അടക്കാനുള്ളവര്‍ക്ക് കുടിശ്ശികയില്‍ ഇളവ് നല്‍കി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഈ മാസം 22ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിശ്ശിക രജിസ്‌ട്രേഷന്‍ ഫീസിന്റെ 100 ശതമാനവും കുടിശ്ശിക മുദ്രവിലയുടെ 70 ശതമാനവും ഇളവ് ലഭിക്കുന്നതാണ്.

date