Skip to main content

ഡോക്സി ഡേ ആചരിച്ചു  --- പകര്‍ച്ചവ്യാധി പ്രതിരോധം; ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

പ്രളയത്തെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന  എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു. എലിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച            ഡോക്സി ഡേ  പരിപ്പ് എന്‍.എസ്.എസ് ഹൈസ്കൂളില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദുരിതാശ്വാസത്തിനെന്നപോലെ രോഗപ്രതിരോധത്തിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത്. മരുന്നു കഴിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും കഴിച്ചെന്ന് ഉറപ്പുവരുത്താന്‍കൂടി എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചുകൊണ്ടാണ് കളക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ അന്‍പതിനായിരത്തോളം പേര്‍ക്ക് ആരോഗ്യ വകുപ്പ് ഗുളിക വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. 

പ്രളയബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ദിവസങ്ങളായി ഗുളിക വിതരണം ചെയ്യുന്നുണ്ട്. പ്രളയ ജലവുമായോ മലിന ജലവുമായോ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിനാണ് (നൂറു മില്ലിഗ്രാമിന്‍റെ രണ്ടു ഗുളികകള്‍) കഴിക്കേണ്ടത്. 

മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം പ്രതിരോധ മരുന്നു കഴിച്ചു എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഡോക്സി ഡേ സംഘടിപ്പിച്ചത്. 

ഉദ്ഘാടനച്ചടങ്ങില്‍ അയ്മനം പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ആലിച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് സാലി ജയചന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ വിജി രാജേഷ്, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ .വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡി.എം.ഒ  ഡോ.രാജന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ശില്‍പ്പ, മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ മൊറെയ്സ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.റോസ്ലിന്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എന്‍. അരുണ്‍കുമാര്‍, ഡോ. മിനിജ ഡി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date