Skip to main content

കോട്ടയത്തിന്റെ അതിജീവനത്തിന് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും

രണ്ടാം വട്ടവും ഭീതിവിതച്ച പ്രകൃതിക്ഷോഭത്തെ അതിജീവിക്കാന്‍ കോട്ടയം ജില്ലയ്ക്ക് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. 

ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കോട്ടയത്ത് തങ്ങിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരുമൊക്കെ ഒരേ മനസോടെ കോട്ടയത്തെ കരകയറ്റാന്‍ അണിനിരക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തിന്റെ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടു നടത്തിയ മുന്നൊരുക്കങ്ങള്‍ നടപടികള്‍ കൂടുതല്‍ സുഗമമാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്ത സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനായി.

ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനും ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ക്യാമ്പുകളില്‍ ലഭ്യമാക്കുന്നതിനും അതിവേഗത്തിലാണ് നടപടിയുണ്ടായത്. സ്‌കൂളുകളും, അങ്കണവാടികളും, ഓഡിറ്റോറിയങ്ങളുമൊക്കെ ദുരിതാശ്വാസ ക്യാമ്പുകളായി മാറി. 

മീനച്ചിലാറും മൂവാറ്റുപുഴയാറും ഇവയുടെ കൈവഴികളും കരകവിയുന്നതിനു വളരെ മുന്‍പുതന്നെ 2500 ഓളം  കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.  മലയോര മേഖലകളില്‍ ദുരന്ത സാധ്യതയുണ്ടെന്ന അറിയിപ്പു വന്നതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം കയറിയിറങ്ങിയും മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയുമാണ് ആളുകളെ ഒഴിപ്പിച്ചത്. കിടപ്പു രോഗികളെയും ഭിന്നശേഷിക്കാരെയും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും വീടുകളില്‍നിന്ന് എടുത്ത് ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു.

കളക്ട്രേറ്റിലെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഫോണ്‍ മുഖേനയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ലഭിച്ച ചെറു വിവരങ്ങള്‍ പോലും  പരിശോധിച്ച് തുടര്‍നടപടികള്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരന്ത നിവാരണ അതോറിറ്റി ഇടപെടല്‍ നടത്തി. വില്ലേജ് ഓഫീസ് തലം വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊണും ഉറക്കവും മറന്ന് പ്രവര്‍ത്തിച്ച ദിവസങ്ങളാണ് കടന്നുപോയത്.

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും തത്സമയം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി  തുടര്‍നടപടികള്‍ക്ക് രൂപം നല്‍കുന്നു. മന്ത്രിയും ജില്ലാ കളക്ടറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും ഇപ്പോഴും ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തു.  മന്ത്രി ഇന്ന്(ഓഗസ്റ്റ് 18) ചിങ്ങവനം, പള്ളം, വാഴപ്പള്ളി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി അനേകം ചെറുപ്പക്കാര്‍ രംഗത്തെത്തി. സന്നദ്ധ സേവനം നല്‍കിയവരും ദുരിതാശ്വസവുമായി ബന്ധപ്പെട്ട അടിയന്തര സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരമാവധി ആളുകളിലെത്തിക്കാന്‍ പ്രയത്നിച്ചവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ജില്ലയിലെയും മറ്റു ജില്ലകളിലെയും ദുരിത ബാധിതകര്‍ക്ക് അവശ്യ സാധനങ്ങളുമായി സംഭരണ കേന്ദ്രത്തിലേക്ക് എത്തുന്ന ജനവും കോട്ടയത്തിന്റെ അതിജീവനപ്പോരാട്ടത്തിന് കരുത്തുപകര്‍ന്നു.

ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് പ്രളയ ബാധിത മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണിപ്പോള്‍. മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് എലിപ്പനിപോലെയുള്ള പകര്‍ച്ച വ്യാധികളുണ്ടാകാതിരിക്കുന്നതിനായി പ്രതിരോധ മരുന്നു വിതരണവും ബോധവത്കരണവും ജില്ലയില്‍ വ്യാപകമായി നടന്നുവരുന്നുണ്ട്. 

date