Skip to main content

കാന്താരി മുളക് കൃഷി ചെയ്ത് കിട്ടിയ തുക  ദുരിതാശ്വാസനിധിയിലേക്ക് നൽകി കുഞ്ഞു കർഷക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വേറിട്ട സമ്പാദ്യം സംഭാവനയായി നൽകി തമന്നയെന്ന കുഞ്ഞു കർഷക. ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ എ.എം.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തമന്ന ഫാത്തിമയാണ് താൻ സ്വന്തമായി ചെയ്യുന്ന കാന്താരിമുളക് കൃഷിയിൽ നിന്ന് കിട്ടിയ 1000 രൂപ സംഭാവനയായി നൽകിയത്. 
സ്‌കൂൾ പ്രോജക്ടുകളുടെ ഭാഗമായി ചെയ്തു പോന്ന കൃഷിയിലേയ്ക്ക് തമന്നയുടെ കുഞ്ഞു മനസ്സ് ആകർഷിക്കപ്പെട്ടതാണ് കാന്താരിമുളക് കൃഷി ചെയ്യാൻ പ്രേരണ. കൃഷി ഓഫീസർ തങ്കരാജിന്റെ സഹായത്തോടെയാണ് വീടിന്റെ ടെറസിന്റെ മുകളിൽ മുളക് കൃഷി നടത്തി വരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നാണയങ്ങൾ നിറഞ്ഞ തന്റെ സമ്പാദ്യ കുടുക്കയും സംഭാവനയായി നൽകിയിരുന്നു. ഇത്തവണ എങ്ങനെ നൽകണം എന്നാലോചിച്ചു നോക്കിയപ്പോഴാണ് വിളവെടുപ്പ് നടത്തിയാൽ സംഭാവനയ്ക്കുള്ള പണം നൽകാനാകും എന്നോർത്തത്. വിളവെടുപ്പിൽ കർഷക മിത്ര തൃശ്ശൂർ ജില്ലാ സെക്രട്ടറി സജികുമാർ, കൃഷി ഓഫീസർമാരായ തങ്കരാജ്, അജി, ലബീന, സ്‌കൂൾ പ്രധാന അദ്ധ്യാപിക സീനത്ത്, നൂജൻ മാസ്റ്റർ തുടങ്ങിയവർ പങ്കാളികളായി. കർഷകമിത്ര തമന്നയ്ക്ക് നൽകിയ പണം കയ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ പ്രതിനിധി എൻ.സി പ്രശാന്ത് ഏറ്റു വാങ്ങി. എംഎൽഎ ഇ.ടി ടൈസൺ മാസ്റ്ററുടെ പേഴ്‌സ്ണൽ സ്റ്റാഫും ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഡയറക്ടറുമായ ഷെമീർ പതിയാശ്ശേരിയുടെയും അധ്യാപിക ഷാഹിറയുടെയും മകളാണ് തമന്നാ ഫാത്തിമ.

date