Skip to main content

പഠിച്ചതു പയറ്റി പണമുണ്ടാക്കി; ദുരിതാശ്വാസത്തിന് പുതുവഴികാട്ടി വെള്ളൂരിലെ കുട്ടികള്‍

പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ വഴി  തേടിയ പാമ്പാടി വെള്ളൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒടുവില്‍ പഠിച്ച വിദ്യതന്നെ പയറ്റാന്‍ ഉറയ്ക്കുകയായിരുന്നു. പ്രിന്‍റിംഗ് ടെക്നോളജിയിലും പരിശീലനം നേടുന്ന അവര്‍ നോട്ട് ബുക്കുകളും ഗ്ലൗസുകളും നിര്‍മിച്ചുവിറ്റു കിട്ടിയ 3115 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തിരുനക്കര ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ബുക്ക് വില്‍പ്പന. 

സ്കൂളിലെ നാഷണ്‍ സര്‍വീസ് സ്കീം യൂണിറ്റാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ പലരുടെയും വീടുകളിലും വെള്ളം കയറിയതിനാല്‍ ഏറെ പാടുപെട്ടാണ് ബുക്കും ഗ്ലൗസും നിര്‍മിച്ചത്. വില്‍പ്പനയ്ക്കുശേഷം ബാക്കിവന്ന നാനൂറോളം  നോട്ട്ബുക്കുകള്‍ 22ന് പ്രളയ ബാധിതമേഖലയായ നാട്ടകം ഗവണ്‍മെന്‍റ് എല്‍. പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. 

  വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍നിന്നു ശേഖരിച്ച അവശ്യ സാധനങ്ങള്‍ കോട്ടയം ബസേലിയോസ് കോളേജിലെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചു നല്‍കി. അരി, പലവ്യഞ്ജനങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയാണ് നല്‍കിയത്.

  കോട്ടയം റെഡ് ക്രോസ് ടവര്‍ ഹാള്‍, സെന്‍റ് ജോര്‍ജ് ബേക്കറി ഹാള്‍, നാഗമ്പടത്തെ അങ്കണവാടി എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍  പങ്കുചേര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ക്ക് 10,000 നോട്ടു ബുക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ രതീഷ് ജെ.ബാബു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജി. മനോജ് കുമാര്‍ തുടങ്ങിയവര്‍  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date