Skip to main content
എച്ച്.ഐ.വി/ എയ്ഡ്‌സ് കൂട്ടായ്മയായ വിഹാന്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തന അവലോകന യോഗം

ഭവനരഹിത എയ്ഡ്‌സ് ബാധിതരുടെ പട്ടിക ജില്ലാപഞ്ചായത്തിന് കൈമാറണം: ജില്ലാ കലക്ടര്‍

ജില്ലയിലെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി/ മറ്റ് ഏജന്‍സികള്‍ മുഖേന ലഭ്യമാക്കിയ ഭൂമിയുള്ള ഭവനരഹിതരായ എച്ച്.ഐ.വി ബാധിതരുടെ പട്ടിക ജില്ലാ പഞ്ചായത്തിന് അടിയന്തിരമായി കൈമാറണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി വിഹാന്‍ സി.എസ്.സി പ്രൊജക്ട് കോ-ഓഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന എച്ച്.ഐ.വി/ എയ്ഡ്‌സ് കൂട്ടായ്മയായ വിഹാന്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  ഗുണഭോക്താക്കള്‍ക്ക്  ജില്ലാ പഞ്ചായത്ത്  പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയാണ് പദ്ധതി നിര്‍വ്വഹിക്കുക.  രോഗബാധിതരായവരെ ഒരുമിച്ച് നിര്‍ത്തി ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിഹാന്‍ സംഘടനയില്‍ നിലവില്‍ 2293 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ സപ്ലൈ ഓഫീസിന്റെ സഹായത്തോടെ എച്ച്.ഐ.വി ബാധിതരായ 64 പേരുടെ എ.പി.എല്‍ റേഷന്‍ കാര്‍ഡ് എ.എ.വൈ, ബി.പി.എല്‍ കാര്‍ഡാക്കി മാറ്റിയതായി യോഗത്തില്‍ വിഹാന്‍ സി.എസ്.സി പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എ. രമേഷ് പറഞ്ഞു.  നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ എ.എ.വൈ/ ബി.പി.എല്‍ ആക്കി മാറ്റേണ്ടതുണ്ടെങ്കില്‍ സമയബന്ധിതമായി റേഷന്‍ കാര്‍ഡുകള്‍ ഗുണഭോക്താകള്‍ക്ക് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എച്ച്.ഐ.വി ബാധിതര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കി ചികിത്സാ സംവിധാനം ഒരുക്കുന്നതിനുള്ള കമ്മ്യൂണിറ്റി കെയര്‍ സെന്റര്‍ ആരംഭിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാലക്കാട് എ.ആര്‍.ടി സെന്റര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഡോ.എ.കെ അനിത, ഡെപ്യൂട്ടി ഡി.എം.ഒ അബ്ദുള്‍ നാസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

വിഹാന്‍ കെയര്‍ ആന്റ് സപോര്‍ട്ട് സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങള്‍

$കെയര്‍ ആന്റ് സപ്പോര്‍ട്ട് ചികിത്സാ സേവനങ്ങളുമായി രോഗ ബാധിതരെ എത്രയും നേരത്തെ ബന്ധപ്പെടുത്തുക
$എച്ച്.ഐ.വി വ്യാപനം തടയല്‍
$രോഗ ബാധിതര്‍ക്ക് മികച്ച ചികിത്സ, വിദ്യാഭ്യാസം
$സാമൂഹിക സുരക്ഷ ഉറപ്പാക്കല്‍

പ്രധാന പ്രവര്‍ത്തനങ്ങള്‍

$സ്വകാര്യതയും ്അവകാശങ്ങളും സംരക്ഷിച്ച് രോഗബാധിതരെ ഒരുമിപ്പിക്കുക
$കൗണ്‍സിലിംഗ്
$ചികിത്സ, വിദ്യാഭ്യാസം, 
$പ്രദേശിക വിഭവ സമാഹരണം,  
$പോഷകാഹാരം, പാലിയേറ്റീവ് കെയര്‍ ഹോം ബെയ്‌സ്ഡ് കെയര്‍ സേവനങ്ങള്‍
$നിയമസഹായം
$സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുക
 

date