Skip to main content

പട്ടയത്തിന് അപേക്ഷിച്ചവരുടെ ഹിയറിംഗിന് മാടക്കത്തറയിൽ തുടക്കമായി അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള  ശ്രദ്ധേയമായ കാൽവെപ്പ്: അഡ്വ. കെ. രാജൻ

ദീർഘകാലമായി മലയോര കർഷകർ ഉന്നയിക്കുന്ന സങ്കീർണമായ പട്ടയ പ്രശ്നം ഘട്ടം ഘട്ടമായി ലഘൂകരിച്ച് അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രദ്ധേയമായ കാൽവെപ്പാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ നടത്തുന്നതെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു. തൃശൂർ താലൂക്കിൽ പട്ടയത്തിനായി അപേക്ഷിച്ചവരിൽ റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താത്തവരുടെ ഹിയറിംഗ് മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാടക്കത്തറ വില്ലേജിലെ വർഗീസ് ഉലഹന്നാനിൽനിന്ന് അപേക്ഷ സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. 
പട്ടയം നൽകുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭ്യമായ സ്ഥലങ്ങളിൽ പലതിനും സംയുക്ത പരിശോധനയുടെ രേഖകൾ കാണാനില്ലെന്ന പ്രശ്നമുണ്ടെന്ന് അഡ്വ. കെ. രാജൻ പറഞ്ഞു. ഇത് പാവപ്പെട്ട കർഷകരുടെ കുറ്റമല്ല. അതുകൊണ്ട് വനഭൂമി കേന്ദ്ര പതിവ് ലിസ്റ്റിൽ അനുവാദം കിട്ടിയിട്ടുള്ള സ്ഥലങ്ങൾക്ക് സംയുക്ത പരിശോധന റിപ്പോർട്ട് കാണാനില്ലെങ്കിലും പട്ടയം കൊടുക്കാം എന്ന നിർണ്ണായക തീരുമാനം സർക്കാർ എടുത്തു. അതുപോലെ സംയുക്ത പരിശോധന നടക്കുന്ന കാലത്തെ മരങ്ങൾ പലതും ഇപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടയം കൊടുക്കുന്നതിന്, ഈ മരങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിലുളള വലിപ്പവും കാതലും അനുസരിച്ച് വില കൊടുക്കണമെന്ന നിർദേശവും നിലനിൽക്കുന്നുണ്ട്. അത് എടുത്തു കളഞ്ഞ് നിലവിലുള്ള പട്ടയഭൂമിയിൽ അന്ന് നിലനിൽക്കുന്ന മരങ്ങളിൽ ഏതൊക്കെയാണോ ബാക്കിയുള്ളത്, അതിന്റെ മാത്രം വില നൽകിയാൽ മതി എന്ന് തീരുമാനിച്ചു. ഇത് കഴിഞ്ഞ ജൂൺ 26ന് സർക്കാർ ഉത്തരവായി പുറത്തിറങ്ങി. ഇത് നടപ്പിലാക്കുന്നത് ആലോചിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാല് വിഭാഗമായി പട്ടയ പ്രശ്നത്തെ തിരിച്ചതായി കെ. രാജൻ പറഞ്ഞു.
ആദ്യത്തേത്, കേന്ദ്ര പതിവുലിസ്റ്റിൽ പേരുണ്ടായിട്ടും സംയുക്ത പരിശോധനാ റിപ്പോർട്ട് ഇല്ലാത്തത്, മരവില നിശ്ചയിക്കാത്തത്, തർക്കങ്ങളുള്ളത് എന്നിവയാണ്. ഈ പട്ടയങ്ങൾ എല്ലാ തർക്കവും ഒഴിവാക്കി ഡിസംബർ മാസത്തിൽ കൊടുക്കാനുള്ള നടപടി എടുക്കാൻ തീരുമാനിച്ചു. രണ്ടാമത്തെ വിഭാഗം, കേന്ദ്ര പതിവ് ലിസ്റ്റിന് വേണ്ടി സംയുക്ത പരിശോധന നടത്തി അയച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കേന്ദ്ര സർക്കാർ തിരിച്ചയച്ച ആയിരത്തിലേറെ ഹെക്ടർ ഭൂമിയുടെ പട്ടയാപേക്ഷകളാണ്. ഇത് ജി.പി.എസ് സംവിധാനത്തോടെ സർവേ നടത്തി ഓൺലൈനായി അപേക്ഷിച്ചാൽ മാത്രമേ അനുവാദം നൽകാൻ കഴിയൂ എന്ന് കേന്ദ്ര വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങുന്ന പത്ത് സർവേ ടീമിനെ തീരുമാനിച്ച് ഓരോ ടീമിനും കളക്ടറുടെ പ്രത്യേക ഫണ്ടിൽനിന്ന ജി.പി.എസ് മെഷീൻ വാങ്ങി നൽകി ഡിസംബർ മാസത്തിനകം സർവേ പൂർത്തിയാക്കി വീണ്ടും കേന്ദ്രാനുമതിക്കായി അപേക്ഷിക്കും. 
മൂന്നാമത്തെ വിഭാഗം അപേക്ഷ നൽകിയെങ്കിലും സംയുക്ത പരിശോധന നടത്താത്തതാണ്. ഇവരുടെ അപേക്ഷ പരിശോധിച്ച് സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിക്ക് അയക്കും. ഇതിനായി അപേക്ഷകരെ വിളിച്ച് നടത്തുന്ന ഹിയറിംഗിനാണ് മാടക്കത്തറയിൽ തുടക്കമായത്. നാലാമത്തെ വിഭാഗം അപേക്ഷ ഇതുവരെ കൊടുക്കാത്തവരാണ്. ഇക്കാര്യത്തിൽ സർക്കാർ ആലോചിച്ച് നടപടി സ്വീകരിക്കും. പട്ടയ പ്രശ്നം ഓരോ താലൂക്കിലും ഏകോപിപ്പിക്കുന്നതിന് ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് അതിനുള്ള യോഗങ്ങൾ നടക്കുകയാണ്. ഇത് നടപ്പിലാക്കാൻ പ്രത്യേക ഓഫീസ് വേണമെന്ന തീരുമാനം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ചതായും അദ്ദേഹം അറിയിച്ചു.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതത്വത്തിലാണ് ഹിയറിംഗ് നടത്തിയത്. മാടക്കത്തറ വില്ലേജിലെ 192 അപേക്ഷകളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ഹിയറിംഗിന്റെ അടിസ്ഥാനത്തിൽ റവന്യു, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. രണ്ടു ദിവസം കൂടി മാടക്കത്തറ വില്ലേജിന്റെ ഹിയറിംഗ് ഉണ്ടാവും. 30 പേരുടെ അപേക്ഷകളാണ് ആദ്യദിവസം പരിശോധിച്ചത്. 
മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ് വിനയൻ, മറ്റ് ജനപ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date