Skip to main content

സ്മാർട്ട് വില്ലേജ്  ശിലാസ്ഥാപനം 23 ന് 

തളിക്കുളം ഗ്രാമപഞ്ചായത്തിലെ തളിക്കുളം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 23 രാവിലെ പത്തിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിക്കും. ഗീത ഗോപി എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത, ബ്ലോക്ക് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, നിർമ്മിതി കേന്ദ്രം റീജ്യണൽ എഞ്ചിനീയർ എ എം സതീദേവി, ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ് എന്നിവർ പങ്കെടുക്കും. 
പ്ലാൻ ഫണ്ട് 44 ലക്ഷം രൂപ വിനിയോഗിച്ച് 1600 സക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ് സ്മാർട്ട് വില്ലേജിൽ നിർമ്മിക്കുക. പശ്ചാത്തല സൗകര്യങ്ങൾ താരതമ്യേനെ കുറവായ തളിക്കുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതോടെ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാകും. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി ഐ സജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ബാബു, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സി പി ശശികുമാർ, ബ്ലോക്ക് മെമ്പർ കെ ബി വാസന്തി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ കെ രജനി, ഇ പി കെ സുഭാഷിതൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
 

date