Skip to main content

ഹരിത ഐടിഐ കാമ്പസ് ആദ്യഘട്ട പ്രഖ്യാപനം നവംബർ ഒന്നിന്

സംസ്ഥാനത്തെ പതിനാല് ഐടിഐകളെ ഹരിതഐടിഐകളായി നവംബർ ഒന്നിന് പ്രഖ്യാപിക്കും. ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്തസംരംഭമാണിത്. ധനുവച്ചപുരം, കഴക്കൂട്ടം(വനിത), ചന്ദനത്തോപ്പ്, ചെന്നീർക്കര, കളമശ്ശേരി, കട്ടപ്പന, ചാലക്കുടി (വനിത), മലമ്പുഴ, വാണിയാംകുളം, കോഴിക്കോട് (വനിത), കൽപ്പറ്റ, അരീക്കോട്, കണ്ണൂർ (വനിത), പുല്ലൂർ എന്നീ ഐടിഐകളെയാണ് ആദ്യഘട്ടമായി ഹരിതഐടിഐ കാമ്പസുകളായി പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച പ്രവൃത്തികൾക്കായി ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നിർവ്വഹിക്കുന്നത്. 
ഐടിഐകളുടെ അന്തരീക്ഷം പ്രകൃതിസൗഹൃദമാക്കുക, മഴവെള്ള സംഭരണികൾ, ബയോഗ്യാസ്, ബയോവേസ്റ്റ് പ്ലാന്റുകൾ, പച്ചത്തുരുത്ത് തുടങ്ങിയവ സ്ഥാപിക്കുക, കാമ്പസുകളിൽ ഫലവൃക്ഷത്തൈകൾ നടുക, തുടങ്ങിയവ പ്രധാനമായും ഇതിൽ ഉൾപ്പെടുന്നു. ഐആർടിസി, കോസ്റ്റ്‌ഫോഡ്, ശുചിത്വമിഷൻ, ഭൂജലവകുപ്പ്, ഫിഷറീസ് വകുപ്പ്, എനർജി മാനേജ്‌മെന്റ്‌സെന്റർ, കൃഷി വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിയുടെ നടത്തിപ്പിലുണ്ടാവും. നവംബർ ഒന്നിന് ഹരിതഐടിഐ കാമ്പസ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കി. ഓരോ ഐടിഐകളേയും ഹരിതകാമ്പസുകളാക്കി മാറ്റുന്നതിന് പ്രത്യേകം പ്രത്യേകം മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സജ്ജീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി വരികയാണെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ അറിയിച്ചു.

date