Skip to main content

ജില്ലയിൽ കുളമ്പുരോഗ നിർമാർജന  പദ്ധതിക്കു തുടക്കം

ആലപ്പുഴ:  പശുക്കളെയും എരുമകളെയും കുളമ്പുരോഗത്തിൽ നിന്നും മുക്തമാക്കുന്നതിന്  ജില്ലയിൽ കുളമ്പുരോഗ നിർമാർജന പദ്ധതി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ്  ജീവനക്കാർ ജനുവരി 22നകം കർഷകരുടെ വീടുകളിലെത്തി കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. കർഷകർ ഉരു ഒന്നിന് അഞ്ചു രൂപ നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജ് നൽകണം. മറ്റെന്തെങ്കിലും അസുഖമോ ആറു മാസത്തിനുമേൽ ഗർഭാവസ്ഥയിലോ ഉള്ളവയ്ക്ക് കുത്തിവയ്പ് നൽകുന്നതല്ല. 

കുത്തിവയ്‌പ്പെടുത്ത പശുക്കളുടെ ചെവിയിൽ പന്ത്രണ്ടക്ക നമ്പർ രേഖപ്പെടുത്തിയ ലോഹ നിർമ്മിത ടാഗ് പതിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തിയൂരിൽ അഡ്വ. യു. പ്രതിഭാ ഹരി എം.എൽ.എ. നിർവ്വഹിച്ചു. പ്രൈമറി ഹെൽത്ത് സെന്റർ കോംപ്ലക്‌സിൽ  നടന്ന ചടങ്ങിൽ പത്തിയൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ  ഡോ. പി.സി സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം മണി വിശ്വനാഥ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ആനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഐ. ജയകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. ദീപ, പി.ഡി. സുനിൽ, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അൻസമ്മ കെ. ജോസഫ്, ഡോ. സുരേഷ്‌കുമാർ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, ക്ഷീര സംഘം ഭാരവാഹികളായ ശശി മോഹൻപിള്ള, രാജേഷ് എന്നിവർ പ്രസംഗിച്ചു. മുതുകുളം സീനിയർ വെറ്ററിനറി സർജൻ ഡോ. ഡി. ബീന ക്ലാസെടുത്തു.

                                                                     (പി.എൻ.എ.01/2018)

 

 

 

//അവസാനിച്ചു//

date