Skip to main content

ദേശീയപാത സ്ഥലം ഏറ്റെടുക്കൽ: എല്ലാ ആശങ്കകളും അവസാനിച്ചു: മന്ത്രി ഡോ.ടി.എം.തോമസ് ഐസക്

 

*കിഫ്ബി: 588 പദ്ധതികൾക്കായി 45,380.37 കോടി രൂപയുടെ അംഗീകാരം

ദേശീയപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച എല്ലാ ആശങ്കകളും അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് ആവശ്യമായി വരുന്ന തുകയുടെ 25 ശതമാനം (ഏകദേശം 5200 കോടി രൂപ) കിഫ്ബിയിൽനിന്ന് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഈ തുക ഇതിനോടകം ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അനുവദിച്ച തുകയിൽനിന്ന് കണ്ടെത്തും. വിവിധ വകുപ്പുകളിൽ 588 പദ്ധതികളിലായി ആകെ 45,380.37 കോടി രൂപയുടെ അംഗീകാരം കിഫ്ബി നൽകിയതായും മന്ത്രി പറഞ്ഞു. ഇതിൽ 31,105.20 കോടി പദ്ധതികൾക്കും കൂടാതെ വ്യവസായപാർക്കുകൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 14,275.17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 
19, 20 തീയതികളിലായി നടന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും അംഗീകരിച്ച പദ്ധതികളുൾപ്പെടെയാണിത്.  20ന് നടന്ന കിഫ്ബി ബോർഡ് യോഗം നാല് പ്രോജക്റ്റുകൾക്കും ഒരു സബ് പ്രോജക്റ്റിനുമായി 541.87 കോടി രൂപയ്ക്കും 19ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 32 പ്രോജക്റ്റുകൾക്കും ഒരു സബ് പ്രോജക്റ്റിനുമായി 1203.63 കോടി രൂപയ്ക്കും അംഗീകാരം നൽകിയിരുന്നു.
കണ്ണൂർ ടൗൺ സൗത്ത് ബസാർ ജംങ്ഷൻ ഫ്ളൈ ഓവർ പദ്ധതി (130.87 കോടി രൂപ), വട്ടിയൂർക്കാവ് ജങ്ഷൻ വികസനപദ്ധതി ഭൂമി ഏറ്റെടുക്കൽ (95 കോടി രൂപ) കോഴിക്കോട് ജില്ലയിലെ അരയിടത്തുപാലം കാരന്തൂർ റോഡ് (205 കോടി). മാവേലിക്കര താലൂക്ക് ആശുപത്രി (102.80 കോടി രൂപ) തുടങ്ങിയവ കിഫ്ബി ബോർഡ് മീറ്റിംഗ് അംഗീകാരം ലഭിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു.
ആറ് റോഡുകൾ (251.65 കോടി രൂപ), 10 മേൽപ്പാലം (296.15 കോടി രൂപ), ഒരു ഫ്ളൈ ഓവർ (25.03 കോടി രൂപ), രണ്ട് സ്ഥലമെടുപ്പ് (33.68 കോടി രൂപ),  രണ്ട് സ്റ്റേഡിയങ്ങൾ (51.06 കോടി രൂപ),  മൂന്ന് കുടിവെള്ള പദ്ധതികൾ (155.77 കോടി രൂപ), രണ്ട് റെഗുലേറ്റർ കം ബ്രിഡ്ജ് (136.01), അഞ്ച് ആശുപത്രികളുടെ നവീകരണം (കൊല്ലം, മാവേലിക്കര, പയ്യന്നൂർ, വൈക്കം, ചിറ്റൂർ)-211.65 കോടി രൂപ, തീരദേശസംരക്ഷണം (17.80 കോടി രൂപ), ഭവനസമുച്ചയനിർമാണം (22.53 കോടി രൂപ) എന്നിവയാണ് 19ന് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം ലഭിച്ച പദ്ധതികൾ.
പി.എൻ.എക്സ്.3002/19

date