Skip to main content

കാസര്‍കോട് വികസന പാക്കേജില്‍ 33.38 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  33.38 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാതല സമിതി അംഗീകാരം നല്‍കി. 12 ചെറുകിട ജലസേചന പദ്ധതികള്‍, ഹാര്‍ബര്‍ എഞ്ചിനീയറിംങ്ങ് വകുപ്പിന്റെ  21 പദ്ധതികള്‍, ജലസേചനവുമായി ബന്ധപ്പെട്ട 14 പദ്ധതികള്‍, പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ രണ്ട് പദ്ധതികള്‍, പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ രണ്ട് പദ്ധതികളും ഉള്‍പ്പടെ  53 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.    ഭരണാനുമതി നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനും കാസര്‍കോട് വികസന പാക്കേജ്  സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ കണ്‍വീനറും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റി  സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ്  അംഗീകരിച്ച പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. എല്ലാ മേഖലകളെയും ഉള്‍കൊള്ളിച്ച് ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന  പദ്ധതികളാണ് ഇവയെല്ലാം.    
260 ലക്ഷം രൂപ കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ പുഴയിലുള്ള കൊട്ടോടി പാലത്തിനായും ചാലിങ്കാല്‍ ബെള്ളിക്കോത്ത് റോഡിനായി 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് കടിഞ്ഞിമൂല-അഴിത്തല കോസ്റ്റല്‍ റോഡ് 95 ലക്ഷം കുറിച്ചി പള്ള, മാണിമുണ്ട റോഡ് അഞ്ച് കോടി രൂപ,
ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന് 130 ലക്ഷം, ആലംപാടി ഹൈസ്‌കൂള്‍ എല്‍പി വിഭാഗം കെട്ടിട നിര്‍മ്മാണം 110 ലക്ഷം, അമ്പാര്‍ ചെറുകോളി റോഡിന് 58 ലക്ഷം രൂപയും അനുവദിക്കും. തൃക്കരിപൂര്‍ ഗ്രാമപഞ്ചായത്തിലെ കവ്വായി-ഉളിയം കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, പള്ളത്തടുക്ക പാലം എന്നീ പദ്ധതികള്‍ക്കും അംഗീകാരമായി.  
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ചെമ്മരങ്കയം റഗുലേറ്റര്‍ കം ബ്രിഡ്ജ്, പനത്തടി ഗ്രാമപഞ്ചായത്തിലെ വെള്ളക്കല്‍ ചെക്ക് ഡാം, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കരിച്ചേരി റഗുലേറ്റര്‍ കം ബ്രിഡ്ജ്, ഗോവിന്ദ പൈ കോളേജിലെ സോളാര്‍ പദ്ധതി, തുടങ്ങിയവക്കുള്ള സര്‍വ്വേ-ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ക്കും അനുമതി നല്‍കി. വികസന കാര്യത്തില്‍ ജില്ലയുടെ വിപ്ലവകരമായ മാറ്റങ്ങളിലേക്കുള്ള കാല്‍വെപ്പാണ് ഈ പദ്ധതികള്‍. യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date