Skip to main content

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യജാഗ്രത: ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന്

കുടിവെള്ള സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്‌പെകര്‍മാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആരോഗ്യജാഗ്രത എന്ന പേരിലുള്ള പ്രതിരോധ യജ്ഞം ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആരോഗ്യ ജാഗ്രതയുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 10.30 ന് മഞ്ചേരി ടൗണ്‍ഹാളില്‍ തദ്ദേശ ഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി ജലീല്‍  നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കും.  എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിക്കും. നിലവില്‍ 77 ഹരിത കര്‍മസേനകള്‍ രൂപീകരിച്ച് പരിശീലനം നടത്തിവരുന്നതായി ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. കൊതുകിന്റെ ലാര്‍വകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന് മഴക്കാലത്തിനുമുമ്പ് തന്നെ നടപടികള്‍ സ്വീകരിക്കും. കവുങ്ങ്, റബര്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ തോട്ടം ഉടമകളുടെ യോഗം വിളിക്കും. കൊതുകു നശീകരണത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘങ്ങളെ നിയോഗിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും. കൊതുക് സാന്ദ്രത കണ്ടെത്തുന്നതിന് കോളജുകളിലെ സുവോളജി വകുപ്പിലെ വിദ്യാര്‍ഥികളുടെ സഹായം തേടും. തട്ടുകടകളിലും മറ്റും തയ്യാറാക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പൊലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കും. തെരുവോരങ്ങളിലെ ജ്യൂസ് കടകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.
ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് തീരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ കൂടുതല്‍ മലിനമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍  ആവശ്യമായ ലാബുകള്‍ സജ്ജീകരിക്കുന്ന കാര്യം പരിഗണിക്കും. ഒരു ബ്ലോക്കില്‍ ഒന്ന് എന്ന രീതിയിലെങ്കിലും ഇത് നടപ്പാക്കാനാകണം. ഇതിന് 5 ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ്  ചെലവ് കണക്കാക്കുന്നത്. ഇതിന്റെ  സാധ്യത പരിശോധിച്ച് ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിലവിലുള്ള കെമിസ്ട്രി ലാബുകളില്‍ കുടിവെള്ള പരിശോധനക്ക്  സൗകര്യമൊരുക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ലെന്ന പ്രകൃതി ചികിത്സകരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ മലേരിയ രോഗം പടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങി കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള  പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സൗദി അറേബ്യയിലെ ജിസാനില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികളില്‍ ഫാല്‍സിപാരം  മലേരിയ എന്ന രോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ പകര്‍ച്ചപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവര്‍ഷാരംഭത്തില്‍ തന്നെ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഡങ്കിയുടെ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി അത്തരം പ്രദേശങ്ങളില്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കും. ആരോഗ്യ ജാഗ്രതയുടെ  കര്‍മപദ്ധതി തയ്യാറാക്കി ജനുവരി അഞ്ചിനു മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നല്‍കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.  

 

date