Skip to main content

പക്ഷി ഗവേഷണ കേന്ദ്രം: ധാരണാപത്രം ഒപ്പുവച്ചു

 

കാലിക്കറ്റ് -- വെറ്ററിനറി സര്‍വ്വകലാശാലകളുടെ സംയുക്ത പങ്കാളിത്തത്തോടെ സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുളള പക്ഷി ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നു. പക്ഷി ഗവേഷണ രംഗത്ത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെയും അന്തര്‍ സര്‍വ്വകലാശാല ഗവേഷണ കേന്ദ്രമെന്ന നിലയില്‍ ആദ്യത്തേതുമാണ്. ഈ രംഗത്തെ വൈജ്ഞാനിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കണ്‍സര്‍വേഷന്‍ സയന്‍സ് പോലുളള ശാഖകളില്‍ പഠന സൗകര്യങ്ങളും സമീപ ഭാവിയില്‍ ഇവിടെ ലഭ്യമാകും. പക്ഷികളെകുറിച്ചുളള സമഗ്രമായ പഠനങ്ങള്‍ക്കുളള സൗകര്യങ്ങള്‍ കേരളത്തില്‍ തന്നെ ലഭ്യമാകുന്നത് സംസ്ഥാനത്തെ അടുത്ത കാലങ്ങളില്‍ ബാധിച്ച പക്ഷിജന്യ സാംക്രമിക രോഗങ്ങള്‍ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വലിയ തോതില്‍ സഹായകരമാകും. പക്ഷികളുടെ ജനിതഘടന, ജനിതകസാരം, ജനിതകശ്രേണി ഇവയൊക്കെ പഠന വിധേയമാകും. കൂടാതെ ആശങ്കാജനകമാം വിധം എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്ന പക്ഷികളെക്കുറിച്ചും പഠനങ്ങള്‍ ഉണ്ടാകും. ഖത്തര്‍, ദുബായ്, ബ്രസീല്‍ തുങ്ങിയ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിന്നും സഹകരണവും പങ്കാളിത്തവും ഉണ്ടാകും. ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കാലിക്കറ്റ്, വെറ്ററിനറി സര്‍വ്വകലാശാല അധികൃതര്‍  ഒപ്പു വച്ചു. വനം മന്ത്രി കെ രാജുവിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ.ടി മുഹമ്മദ് ബഷീര്‍, വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, മറ്റ്  ഉന്നത ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മാറുന്ന ദൃശ്യമാധ്യമ സങ്കേതങ്ങള്‍-

മീഡിയ അക്കാദമിയുടെ ദേശീയ ശില്പശാല

 

ദൃശ്യമാധ്യമ രംഗത്തെ സാങ്കേതികമാറ്റങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടുത്താനും പ്രാഥമിക പരിശീലനം ലഭ്യമാക്കാനും കേരള മീഡിയ അക്കാദമി ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. മാറുന്ന ദൃശ്യമാധ്യമ സങ്കേതങ്ങള്‍ എന്ന ശില്പശാല ഓഗസ്റ്റ് 31ന് തിരുവനന്തപുരം വിന്‍ഡ്സര്‍ രാജധാനി കണ്‍വെന്‍ഷന്‍ സെന്ററിലെ ഇംപീരിയല്‍ ഹാളില്‍ നടക്കും. മായാ അക്കാദമി ഓഫ് സിനിമാറ്റിക്സും കേസരി സ്മാരക     ജേര്‍ണലിസ്റ്റ്സ് ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

ക്ലാസുകള്‍ നയിക്കുന്നത് ദൃശ്യമാധ്യമ സാങ്കേതിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രഗത്ഭരായ പ്രൊഫഷണല്‍ വിദഗ്ദ്ധരാണ്. മാധ്യമ-ആവിഷ്‌കരണ രംഗത്തെ നവീന പ്രവണതകള്‍ ആയിരിക്കും ശില്പശാലയുടെ മുഖ്യവിഷയം. മള്‍ട്ടിമീഡിയ, ആനിമേഷന്‍, വി.എഫ്.എക്സ്., ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലെ പുതിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഈ മേഖലയിലെ ഭാവി വെല്ലുവിളികള്‍, ആവശ്യകതകള്‍, പുതിയ പ്രവണതകള്‍ എന്നിവ ഒന്നൊന്നായി വിലയിരുത്തും. അവ വിശദമായി വിശകലനം ചെയ്യുന്നതിനും സ്വായത്തമാക്കുന്നതിനുമുള്ള വിദഗ്ദ സഹായം ലഭ്യമാക്കുകയാണ് ശില്പശാലയുടെ ഉദ്ദേശമെന്ന് ക്യാമ്പ് ഡയറക്ടര്‍ ഡോ.എസ്.ശശികുമാരന്‍ അറിയിച്ചു. കംപൂട്ടര്‍ ഗ്രാഫിക്സ് ഇമേജറി, മോഷന്‍ ഗ്രാഫിക്സ്, ആനിമേഷന്‍, വി.എഫ്.എക്സിലെ തൊഴില്‍ സാദ്ധ്യതകള്‍ എന്നിവ വിശദമായി ശില്പശാലയില്‍ അവതരിപ്പിക്കും.

 

 

ഓഗസ്റ്റ് 31 രാവിലെ 9.30ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്യും. താല്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 25ന് വൈകുന്നേരം 5 മണി വരെ രജിസ്റ്റര്‍ ചെയ്യാം.

 

 keralamediaacademytvpm@gmail.com എന്ന ഇ-മെയിലിലോ 9061593969 എന്ന വാട്ട്സാപ്പ് നമ്പരിലോ 0471-2726275 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

 

മദ്രാസ് റജിമെന്റ് -- വിമുക്തഭടന്മാരുമായി കൂടിക്കാഴ്ച

 

മദ്രാസ് റെജിമെന്റ് റെക്കോര്‍ഡ് ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം അഞ്ച്  മദ്രാസ് റെജിമെന്റ് പ്രതിനിധികള്‍ ആഗസ്റ്റ് 23 രാവിലെ 10 മുതല്‍ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള വിമുക്തഭടന്മാരും വിമുക്തഭടന്മാരുടെ വിധവകളുമായി കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍  കൂടിക്കാഴ്ച നടത്തും. പെന്‍ഷന്‍ സംബന്ധമായതോ മറ്റ് പരാതികളോ പരിഹരിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു

date