Skip to main content

നിയമസഭ മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

*സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികൾക്കുള്ള ആർ.ശങ്കരനാരായണൻതമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികൾക്കുള്ള ഇ.കെ.നായനാർ നിയമസഭ മാധ്യമ പുരസ്‌കാരം, നിയമസഭ നടപടികളുടെ മികച്ച റിപ്പോർട്ടിംഗിന് ജി.കാർത്തികേയൻ നിയമസഭ മാധ്യമപുരസ്‌കാരം എന്നിവയാണ് വാർത്താസമ്മേളനത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചത്.  അച്ചടി. ദൃശ്യമാധ്യമവിഭാഗങ്ങളിലായി ആറ്  അവാർഡുകളാണ് ഉള്ളത്.
ആർ.ശങ്കരനാരായണൻ തമ്പി നിയമസഭ മാധ്യമപുരസ്‌കാരത്തിന് അച്ചടിമാധ്യമവിഭാഗത്തിൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ചില മലയാളം കഥകൾ എന്ന സൃഷ്ടിക്ക് ജോണി ലൂക്കോസ് അർഹനായി. ഈ വിഭാഗത്തിലെ ദൃശ്യമാധ്യമപുരസ്‌കാരം മനോരമ ന്യൂസിലെ വിനു മോഹനൻ നേടി. പടയണിക്കാലം എന്ന ഡോക്യുമെന്ററിക്കാണ് അവാർഡ്. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ വിഷമരണങ്ങൾ എന്ന സൃഷ്ടിക്ക് രേഖാചന്ദ്രയും പീപ്പിൾ ടി.വിയിൽ സംപ്രേഷണം ചെയ്ത ബുള്ളറ്റ്, പെല്ലറ്റ്, ടെർമൈറ്റ്..സംഘർഷ മേഖലയിലെ കുട്ടികളിലൂടെ എന്ന പരിപാടിക്ക് കെ.രാജേന്ദ്രനും ഇ.കെ.നായനാർ മാധ്യമപുരസ്‌കാരങ്ങൾക്ക് അർഹരായി.  മികച്ച നിയമസഭാറിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ മാധ്യമപുരസ്‌കാരങ്ങൾക്ക് മാതൃഭൂമി ദിനപ്പത്രത്തിലെ എസ്.എൻ.ജയപ്രകാശും മാതൃഭൂമി ന്യൂസിലെ സീജി. ജി.എസും അർഹരായി. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ അവാർഡും.
ഡോ.ജെ.പ്രഭാഷ് ചെയർമാനും ആർ.എസ്.ബാബു, ഡോ. സെബാസ്റ്റ്യൻ പോൾ, ജേക്കബ് ജോർജ്, ഡോ.ഖദീജ മുംതാസ്, സി.ജോസ് (മെമ്പർ സെക്രട്ടറി) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.
നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിങ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ അഞ്ചാം ബാച്ചിന്റെ പരീക്ഷാഫലവും സ്പീക്കർ പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് അനില.ആർ, രണ്ടാം റാങ്ക് അഹിജിത്ത് ബി.ലാൽ എന്നിവർ നേടി. മൂന്നാം റാങ്ക് ദേവിപ്രിയ ആർ.ജി, ഗീതു പ്രകാശ് എന്നിവർ പങ്കിട്ടു.
നിയമസഭ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.3039/19

date