Skip to main content

മഴക്കെടുതി: ഭൗമ പരിശോധന ഇന്നാരംഭിക്കും(22)

 കനത്ത മഴയെത്തുടര്‍ന്ന് ജില്ലയുടെ ഭൗമസ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച പഠനവും പരിശോധനയും ഇന്നാരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള പരിശോധനയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. 49 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലും രണ്ടുപേര്‍ അടങ്ങുന്ന അഞ്ച് സംഘം ഇന്നുമുതല്‍ ഏഴുദിവസം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കനത്തമഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍, വിള്ളല്‍ തുടങ്ങി ഭൂമിക്കുണ്ടായ മാറ്റങ്ങള്‍ പരിശോധനയുടെ പരിധിയില്‍ വരും. പ്രത്യേകിച്ചും അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിലായിരിക്കും പഠനം നടത്തുക. ഇങ്ങനെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതി പരിശോധിച്ച് തുടര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. ഒരു ഭൗമശാസ്ത്ര വിദഗ്ധനും ഒരു മണ്ണ് പരിശോധനാ വിദഗ്ധനും അടങ്ങുന്നതാണ് ഒരു സംഘം. വി. ബി. വിനയന്‍, എം. ജെ പ്രശാന്ത്(ദേവികുളം), എം എസ് രാജ്കുമാര്‍, എന്‍. സുരേന്ദ്രന്‍(പീരുമേട്), മെറിന്‍ മരിയ ജോയ്, മനു വി. തമ്പി(തൊടുപുഴ), സിമിലാ റാണി എസ്., അനുലക്ഷ്മി ശങ്കര്‍(ഇടുക്കി), അരുണ്‍ദാസ്, സിയൂസ് എം (ഉടുമ്പന്‍ചോല) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കിയിലെ സംഘം. അതത് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരിക്കും സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. 

date