Skip to main content

അതിഥി തൊഴിലാളി ആരോഗ്യസുരക്ഷ:  മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി

ജില്ലയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പ്രോജക്ടിന്റെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. തൃശൂരിൽ അസെറ്റ് ഹോംസ് നിർമ്മാണ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികളുടെ തൊഴിലിടങ്ങളിലാണ് പ്രധാനമായും എച്ച്.ഐ.വി, ക്ഷയം എന്നിവ പരിശോധിക്കുന്നതിനുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുക. ഇതുവരെ 15 ക്യാമ്പുകൾ നടന്നു. സംസ്ഥാനത്ത് ആകെ 15 പ്രൊജക്ടുകളാണ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ചെയ്യുന്നത്. ഇതിൽ തൃശൂരിലും കണ്ണൂരിലുമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രൊജക്ടുകളുള്ളത്. 18 ലക്ഷം രൂപയാണ് ഒരു വർഷത്തെ പ്രൊജക്ട് നടപ്പാക്കാൻ ജില്ലക്കായി നീക്കി വെച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജെന്നി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പത്മിനി ടീച്ചർ, നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. ടി.വി. സതീശൻ, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ടെക്നിക്കൽ എക്സ്പേർട്ട് ജി. സുനിൽകുമാർ, ഐ.പി.ആർ.ഡി അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ്, ഡോ. നിതിൻ, അസെറ്റ് ഹോംസ് പ്രൊജക്ട് മാനേജർ അനിൽകുമാർ, എഫ്.എസ്.ഡബ്ല്യു പ്രൊജക്ട് മാനേജർ ജെസ്റ്റോ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മൈഗ്രൻറ് സുരക്ഷ പ്രൊജക്ട് മാനേജർ സി.ആർ. ശരത്കുമാർ സ്വാഗതവും വി. വിപിൻ നന്ദിയും പറഞ്ഞു.

date