Skip to main content

ഭക്ഷ്യ സുരക്ഷാ പരിശോധന  48000 രൂപ പിഴയീടാക്കി

         ഓണത്തോടനുബന്ധിച്ച് ജില്ലയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ സെപ്തംബര്‍ 21 മുതല്‍ ആരംഭിച്ച ഭക്ഷ്യ സുരക്ഷാ   വകുപ്പിന്റെ പ്രത്യേക പരിശോധനയില്‍ 48,000 രൂപ പിഴ ഈടാക്കി. 178 സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. 47 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, പഴം പച്ചക്കറി, മത്സ്യ മാംസ വിപണികളിലായിരുന്നു പരിശോധന.  ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്ത  സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍ നിന്നാണ് പിഴയായി ഈടാക്കിയത്.
       ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെയും, ലൈസന്‍സ് പുതുക്കാതെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മത്സ്യത്തിലും, മാംസത്തിലും കൃത്രിമനിറം, വൃത്തിഹീനമായ അടുക്കള, വൃത്തിയില്ലാത്ത ജീവനക്കാര്‍ തുടങ്ങിയ അപാകതകളാണ് പരിശോധനയില്‍ പല സ്ഥാപനങ്ങളിലും കണ്ടെത്തിയത്. സംശയമുളള ഏഴോളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്.പരിശോധനാഫലം വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊളളുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു.

    ജില്ലയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ന്നും താലൂക്ക് തലത്തിലും സംയുക്ത പരിശോധനയും നടത്തി.  ഓണം വിപണിയിലെ പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കല്‍, അളവ് തൂക്ക ക്രമക്കേട് എന്നിവ കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ജി.എസ്.ടി, ഫിഷറീസ് വകുപ്പുകളുമായി ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.  ഓണം വരെ പ്രത്യേക പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ഓണക്കാലത്ത് ഭക്ഷ്യമേളയും താല്‍കാലിക ഭക്ഷ്യവില്‍പ്പന ശാലകളും നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്ത് മാത്രമെ പ്രവര്‍ത്തിക്കാവൂ എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date