Skip to main content

കുടുംബശ്രീയുടെ ഓണച്ചന്ത സെപ്തംബര്‍ എട്ട് മുതല്‍ 10 വരെ

 

പ്രളയാനന്തരം ഓണാഘോഷം ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമാക്കാന്‍ കുടുംബശ്രീ സെപ്തംബര്‍ എട്ട്, ഒമ്പത്, 10 തിയ്യതികളില്‍ ചെറിയ കോട്ടമൈതാനത്ത് കുടുംബശ്രീയുടെ ജില്ലാതല ഓണച്ചന്ത സംഘടിപ്പിക്കും. സെപ്തംബര്‍ എട്ടിന് വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി അധ്യക്ഷനാവും.
ഗുണമേന്മയുള്ളതും വിഷരഹിതവുമായ നാടന്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി ഓണവിപണിയെ ഉപഭോക്തൃ സൗഹൃദമാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. സെപ്തംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍ ചന്ത ആരംഭിക്കും.  
കുടുംബശ്രീ സി.ഡി.എസ്സുകളുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടനുബന്ധിച്ചും ഓണച്ചന്തകള്‍ സജീവമാകും. ജില്ലയിലെ മികച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍, അരി, നാടന്‍ പച്ചക്കറികള്‍, വിവിധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍,  ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണച്ചന്തയില്‍ ലഭ്യമാക്കും. വിപണിയും വരുമാനവും ഉറപ്പുവരുത്തി സംരംഭകരെ ശാക്തീകരിക്കുക,  മായം കലരാത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ അരികിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഓണച്ചന്തകള്‍ സജ്ജമാക്കുന്നത്.  
പായസ മേളയടക്കമുള്ള ഭക്ഷ്യമേളകള്‍ ഓണച്ചന്തകളുടെ ഭാഗമായി സംഘടിപ്പിക്കും. പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം  കുടുംബശ്രീ ബ്രാന്റ് ഉത്പന്നങ്ങളും ഓണച്ചന്തകളില്‍ ലഭ്യമാകും. അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാലങ്ങളായി കാത്തുസൂക്ഷിച്ച രുചിക്കൂട്ടുകള്‍ 'ഹില്‍ വാല്യൂ ' എന്ന പേരില്‍ ബ്രാന്റ് ചെയ്ത് ഓണ വിപണിയിലെത്തും. റാഗി, തുവര, ചോളം, തേന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഇതിലുള്‍പ്പെടും. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച അരി 'അന്നം റൈസ്', 'നെല്ലറ' എന്ന പേരില്‍ പുട്ടുപൊടി, പത്തിരിപ്പൊടി, ഇടിയപ്പം തുടങ്ങിയ അരിയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, 'സണ്‍ ഫ്രഷ് ' എന്ന പേരില്‍ വിവിധ തരം കൊണ്ടാട്ടങ്ങള്‍, 'ഹിമം' എന്ന ബ്രാന്റില്‍ വിവിധയിനം സോപ്പുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, മണ്ണ് സോപ്പ് എന്നിവ ഓണവിപണി കീഴടക്കാന്‍ രംഗത്തുണ്ട്. 'നിള ' വെളിച്ചെണ്ണ,  'സൂര്യ സ്‌ക്വാഷ്' എന്ന പേരില്‍ വിവിധയിനം പഴങ്ങളില്‍ നിന്നുണ്ടാക്കിയ സ്‌ക്വാഷുകള്‍, 'റോയല്‍ ഹണി' എന്ന പേരില്‍ ശുദ്ധമായ തേന്‍, 'സോന ഫാന്‍സി' എന്ന പേരില്‍ നാനാതരം ആഭരണങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷി ചെയ്ത പൂക്കളും ഓണച്ചന്തയില്‍ ലഭിക്കുന്നതാണ്.  

date