Skip to main content

ഓണാഘോഷം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം 90 ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി മൂന്നെണ്ണത്തിന്റേത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

 

 

ജില്ലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന ശക്തം. പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചതായി ഭക്ഷ്യസുരക്ഷാ അസിസന്റ് കമ്മീഷണര്‍ അറിയിച്ചു. നാനൂറോളം ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി വിവിധ ഭക്ഷ്യവസ്തുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 90 ഓളം സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. കൂടാതെ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റ് 45 ഭക്ഷ്യേത്പാദന സ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ 0491-2505081 എന്ന നമ്പറില്‍ അറിയിക്കാം.

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സ്‌ക്വാഡുകള്‍ സജീവം

മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ - ഡയറി ഡെവലപ്‌മെന്റ് സംയുക്ത സ്‌ക്വാഡുകളും പരിശോധനാ ലബോറട്ടറികളും സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനം സെപ്തംബര്‍ 10 വരെ തുടരും. ഇതിന് പുറമെ ജില്ലയിലെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി മൂന്ന് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ സിവില്‍ സ്‌പ്ലൈസ്, ക്ഷീരവികസനം, എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത റെയിഡുകളും തുടരുന്നതായും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.      

date